ദുല്‍ഖര്‍ സല്മാന് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സല്ല്യൂട്ട്. സസ്പെന്‍സ് ത്രില്ലര്‍ ഒരുക്കിയത് റോഷന് ആന്‍ഡ്രൂസായിരുന്നു. സോണി ലിവിലൂടെയായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് റോഷന് ആന്‍ഡ്രൂസ്.
താന്‍ ഏറെ ചിലവ് വരുത്തുന്ന സംവിധായകന് എന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ സല്യൂട്ട് അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് എന്ന് അദ്ദേഹം പറയുന്നു. സല്യൂട്ടിന്റെ ചിത്രീകരത്തിനായി 75 ദിവസങ്ങളായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ 63 ദിവസത്തിനുള്ളില്‍ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു. പതിനാല് കോടി ബജറ്റ് പ്രതീക്ഷിച്ചിരുന്ന സിനിമ പതിനൊന്നേ മുക്കാല്‍ കോടിയില്‍ തീര്‍ക്കാന്‍ സാധിച്ചു. അറുപത്തിനാല് ലൊക്കേഷനുകളിലായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോബി-സഞ്ജയ് ആയിരുന്നു സല്ല്യൂട്ടിന്റെ തിരക്കഥ ഒരുക്കിയത്. ദുല്‍ഖറിന് പുറമേ മനോജ് കെ ജയന്, ലക്ഷ്മി ഗോപാല സ്വാമി, ഡയാന പെന്റി, സാനിയ ഈയപ്പന്, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.