ആര്‍ആര്‍ആര്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തിന്റെ സംവിധായകന് എസ്.എസ് രാജമൗലിയുടെ പ്രണയകഥയും വീണ്ടും വൈറലാകുന്നു. സിനിമയില്‍ നിന്നുള്ള രമയെ 2001ലായിരുന്നു രാജമൗലി വിവാഹം കഴിച്ചത്. രമയുടെ രണ്ടാം വിവാഹമായിരുന്നു അത്. ആദ്യ വിവാഹബന്ധം വേര്പെടുത്തിയപ്പോഴുള്ള മാനസികാഘാതത്തില്‍ നിന്ന് രമയെ ജീവിതത്തിലേക്ക് കൈപിടിക്കുകയായിരുന്നു രാജമൗലി.
സിനിമാ പാരമ്പര്യമുള്ള വ്യക്തിയാണ് രമ. സംഗീത സംവിധായകന് കീരവാണിയുടെ ഭാര്യ ശ്രീവല്ലിയുടെ അനുജത്തിയാണ്. രാജമൗലി നിരവധി സിനിമകളില്‍ പ്രവര്‍ത്തിക്കുകയും സിനിമാപ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ള ആളുമായിരുന്നതിനാല്‍ രമയെ വര്‍ഷങ്ങളായി രാജമൗലിക്ക് അറിയാമായിരുന്നു. 2000ത്തിലാണ് രമയും അവരുടെ ആദ്യ ഭര്‍ത്താവും വിവാഹമോചിതരായത്. കോടതി വിധി പ്രകാരം ഏക മകന് കാര്ത്തികേയന് അമ്മ രമയ്ക്കൊപ്പം വന്നു. വിവാഹമോചനത്തെ തുടര്‍ന്നുള്ള ട്രോമയില്‍ നിന്ന് കരകയറാന്‍ രമയെ ഏറെ സഹായിച്ചതും പിന്തുണച്ചതും രാജമൗലിയായിരുന്നു. നാളുകള്‍ക്ക് ശേഷം രമയോട് തനിക്കുള്ളത് വെറും സൗഹൃദയമല്ലെന്ന് രാജമൗലി തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു.
വളരെ രഹസ്യമായി അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിലാണ് രാജമൗലിയും രമയും വിവാഹിതരായത്. സിനിമയുടെ വസ്ത്രാലങ്കാരത്തിലേക്ക് രാജമൗലി തന്നെയാണ് രമയെ കൊണ്ടുവരുന്നത്. ഒരു സിനിമയുടെ ഷൂട്ടിങിനിടെ കോസ്റ്റ്യൂം ഡിസൈനറുടെ അഭാവം വന്നപ്പോള്‍ രാജമൗലിയെ സഹായിച്ചത് രമയായിരുന്നു. പിന്നീടങ്ങോട്ട് ഒട്ടുമിക്ക സിനിമകളിലും വസ്ത്രാലങ്കാരം രമ ചെയ്യാന്‍ തുടങ്ങി. വിവാഹത്തിന് ശേഷം ഇവര്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. മയൂഖ എന്നാണ് മകളുടെ പേര്.