മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് സത്യന് അന്തിക്കാട്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കമെന്ന് സത്യന് അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു. എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞതെന്നും സത്യന് അന്തിക്കാട് അഭിപ്രായപ്പെട്ടു.
പണ്ട് ‘മഴവില്‍ക്കാവടി’യുടെ ലൊക്കേഷന്‍ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും. ആ ഗ്രാമഭംഗി മുഴുവന്‍ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാന്‍ സാധിച്ചു. ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോള്‍ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളര്‍ത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസിലുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര്‍ണമായും തമിഴ്നാട്ടില്‍ ചിത്രീകരിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടിക്ക് പുറമെ രമ്യാ പാണ്ട്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ട്രൂത്ത് ഫിലിംസാണ് ചിത്രത്തിന്റെ ഓവര്‍സീസ് റിലീസ് നടത്തുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു എസ്. ജോസഫാണ് നിര്‍വഹിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടേതു തന്നെയാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതനും അനൂപ് സുന്ദരനും നിര്‍വഹിച്ചിരിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആര്.ഒ