സിനിമയിൽ ഇല്ലാത്ത ഡയലോഗിന്റെ പേരിൽ സംവിധായകൻ പ്രിയദർശനെ സോഷ്യൽ മീഡിയ ക്രൂശിച്ചെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സത്യൻ അന്തിക്കാട് ഇക്കാര്യം വ്യക്തമാക്കിയത്. ബായ ബെട്ടിയിട്ട് എന്നൊരു ഡയലോഗ് സിനിമയിൽ ഇല്ലെന്ന് സത്യൻ അന്തിക്കാടും ഒപ്പം പ്രിയദർശനും പറയുന്നുണ്ട്.
സത്യന് അന്തിക്കാട് പറഞ്ഞത് ഇങ്ങനെ, ‘പണ്ട് തിയേറ്ററില്‍ ആളെ കയറ്റി കൊണ്ട് കൂവിക്കുക എന്ന് പറയുന്നത് പോലെ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ചെയ്യിക്കുക. ഉദാഹരണത്തിന് ഈ പ്രിയദര്ശന് തന്നെ ഒരു അപരാധമേ ചെയ്തുള്ളൂ, കുഞ്ഞാലി മരക്കാര്‍ എന്ന സിനിമ എടുത്തു. ആ സിനിമയില്‍ ഇല്ലാത്തൊരു ഡയലോഗിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഭയങ്കരമായിട്ട് ക്രൂശിച്ചിരുന്നു. അതായത് ‘ബായ ബെട്ടിയിട്ട്’.. അങ്ങനൊരു ഡയലോഗ് പടത്തിലുണ്ടോ? അത് പെട്ടെന്ന് നമുക്ക് ചിരിക്കാനുള്ള വക കിട്ടി. സോഷ്യല്‍ മീഡിയ സിനിമയ്ക്ക് ദോഷമാണ് എന്നൊന്നും പറയാന്‍ കഴിയില്ല. അത് ഓരോരുത്തരുടെ സ്വതന്ത്രമാണ്, പ്ലാറ്റ്ഫോമാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ എന്നതിനപ്പുറം അത് പരിഹാസമായി മാറി. നമ്മള് വിമര്‍ശിക്കുന്നത് നല്ലതാണ്. നമുക്കും ഒരുപാട് തെറ്റുകള്‍ സംഭവിക്കാറുണ്ടല്ലോ.’ – സത്യൻ അന്തിക്കാട് ചോദിച്ചു.
സിനിമ കഴിഞ്ഞ് കാണുന്ന സമയത്ത് ഏറ്റവും കൂടുതല്‍ തെറ്റുകള്‍ കണ്ട് പിടിക്കുന്നത് തങ്ങൾ തന്നെയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. തെറ്റുകള്‍ ചൂണ്ടികാണിക്കുമ്പോള്‍ അടുത്ത പടത്തില്‍ തിരുത്താന്‍ സാധിക്കുമെന്നും പകരം മഹാദുരന്തം എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ ആദ്യം വിഷമിക്കും പിന്നെ കെയര്‍ ചെയ്യാതെ ആകും എന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.