റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും ആവേശത്തോടെ സിനിമാപ്രേമികൾ കാണുന്ന ഒരു സിനിമയാണ് സന്ദേശം. ശ്രീനിവാസൻ രചിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം കാലങ്ങൾക്ക് ഇപ്പുറം പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്. സന്ദേശം എന്ന സിനിമ എന്തു തരത്തിലുള്ള സന്ദേശമാണ് നൽകുന്നതെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്ന് യുവ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ ഒരിക്കൽ പറഞ്ഞിരുന്നു. താൻ വിദ്യാർത്ഥി രാഷ്ട്രീയത്തോട് താൽപര്യമുള്ളയാളാണെന്നും എന്നാൽ സിനിമ വിദ്യാർത്ഥി രാഷ്ട്രീയം വേണ്ടെന്നാണ് പറഞ്ഞുവെക്കുന്നതെന്ന് ആയിരുന്നു ശ്യാം പുഷ്ക്കരന്റെ വിമർശനം.
ഈ വിമർശനത്തിന് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘മകൾ’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ സിനിമ ഡാഡിയുമായി പങ്കുവെയ്ക്കുന്നതിനിടയിലാണ് സന്ദേശം സിനിമ സംബന്ധിച്ച യുവ തിരക്കഥാകൃത്തിന്റെ വിമർശനങ്ങൾക്ക് സത്യൻ അന്തിക്കാട് മറുപടി പറഞ്ഞത്. ‘അതിൽ തനിക്ക് അഭിപ്രായമൊന്നുമില്ല. ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും കാണുന്നവന്റെ കാഴ്ചപ്പാടിലാണ്. എന്തുകൊണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ചോദിക്കേണ്ട കാര്യമില്ല. സന്ദേശം ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങൾ അദ്ദേഹത്തിന് ഉണ്ടാകാം. അതിനെ ബഹുമാനിക്കുന്നു. ഞങ്ങളെ സംബന്ധിച്ച് 32 കൊല്ലം മുമ്പ് ആ സിനിമ എടുത്തു കഴിഞ്ഞപ്പോൾ അത് തീർന്നു. അതിനെ ആർക്കു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വിമർശിക്കാം, ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം, ഒരു അവകാശ വാദങ്ങളുമില്ല. 100 ശതമാനം അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. ഇഷ്ടപ്പെടാത്ത അദ്ദേഹം ചെയ്ത സിനിമകളുമുണ്ട്. അത് നമ്മൾ പറയുന്നില്ല എന്ന് മാത്രമേ ഉള്ളൂ.’ – സത്യൻ അന്തിക്കാട് പറഞ്ഞു.
കണ്ട് ഇഷ്ടപ്പെടുന്ന സിനിമകൾ സംവിധായകരെ വിളിച്ച് പറയാറുണ്ടെന്നും ഇഷ്ടപ്പെടാത്ത സിനിമകൾ പൊതുമധ്യത്തിൽ പറയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ പറയുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നന്നായിട്ടില്ലാത്ത ഒരു സിനിമ കണ്ടിട്ട് ഗംഭീരമായി എന്ന് പറയാൻ താൻ പോകാറില്ലെന്നും സത്യൻ അന്തികകാട് പറഞ്ഞു. നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ മറ്റൊരാളെ വേദനിപ്പിക്കുമെങ്കിൽ അത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസൻ ജെനുവിൻ ആയിട്ടുള്ള ആളെണെന്നും മനസിൽ തോന്നുന്നത് തുറന്നു പറയുന്ന ആളാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. തുറന്നുള്ള പറച്ചിലുകൾ കാരണം ശ്രീനിവാസൻ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. പുള്ളി പറയുന്നത് മോഡേൺ മെഡിസിനിലെ ചൂഷണങ്ങളെ പറ്റിയാണ്. എന്നാൽ, പറഞ്ഞു കേൾക്കുമ്പോൾ ആൾക്കാർക്ക് തോന്നും ഇതിനെതിരാണ്. പാർട്ടികളെ വിമർശിക്കാൻ ഒരു മടിയുമില്ലെന്നും ശ്രീനിവാസൻ പറയുന്നത് മുഴുവൻ സത്യസന്ധമായ കാര്യങ്ങൾ ആയിരിക്കുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.