ഒരു കാലത്ത് മലയാളസിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു രഞ്ജിത്തും ഷാജി കൈലാസും. രഞ്ജിത്ത് തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ട ചിത്രങ്ങളാണ്. നരസിംഹം, ആറാം തമ്പുരാൻ, വല്യേട്ടൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ട് മലയാളികൾക്ക് സമ്മാനിച്ചത്. എന്നാൽ, ഒരു ഘട്ടത്തിനു ശേഷം ഈ കൂട്ടുകെട്ടിൽ സിനിമകളൊന്നും സംഭവിച്ചില്ല. രഞ്ജിത്തുമായുള്ള സൗഹൃദത്തെക്കുറിച്ചും അതിന്റെ വഴികളെക്കുറിച്ചും മനസു തുറന്ന് സംസാരിക്കുകയാണ് ഷാജി കൈലാസ്.
രഞ്ജിത്തുമായുള്ള സൗഹൃദം പെട്ടെന്ന് ബ്രേക്കായതല്ലെന്നും രഞ്ജിത്ത് സംവിധായകനായെന്നും ഷാജി കൈലാസ് കുറിച്ചു. പിന്നെ ഹെവിവെയ്റ്റായി എഴുതാന്‍ പറ്റിയ എഴുത്തുകാരെ താന്‍ തേടി നടക്കുകയായിരുന്നു. എന്നാൽ, അവിടെയൊക്കെ കുറേ പരാജയങ്ങൾ കിട്ടിയെന്നും ഷാജി കൈലാസ് വ്യക്തമാക്കി. പിന്നീട് താൻ സ്വയം ഇതിൽ നിന്ന് മാറിയെന്നും വെറുതെ എന്തിനാണ് പ്രൊഡ്യൂസർമാരെ ഇതിലേക്ക് കൊണ്ടിടുന്നതെന്നും ഷാജി കൈലാസ് ചോദിച്ചു. ശരിയായിട്ട് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. നിർമാതാക്കൾ ഓരോ സിനിമയുമായി വന്ന് നിൽപ്പുണ്ടായിരുന്നു എല്ലാം വേണ്ടെന്നാണ് പറഞ്ഞത്. കുറച്ചു സമയത്തേക്ക് മാറി നിൽക്കാമെന്ന് കരുതിയെന്നും ഷാജി കൈലാസ് പറഞ്ഞു. എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ എന്തെങ്കിലും ഉണ്ടാക്കി താടാ എന്ന് രഞ്ജിത്തിനോട് ചോദിച്ചിട്ടുണ്ട്. ആ പിന്നെ എടുക്കാം എന്ന് ഇടക്കിടക്ക് പറയും. കിട്ടിയാല്‍ ഭാഗ്യമെന്നും ഷാജി കൈലാസ് പറഞ്ഞു.
പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ കടുവയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത് ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം. ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ ചിത്രത്തില്‍ വിവേക് ഒബ്റോയ്, സംയുക്ത മേനോന്, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, സാജന് നവോദയ, അര്ജുന് അശോകന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.