അന്തരിച്ച നടി കെപിഎസി ലളിതയുടെ മൃതശരീരത്തിന് സമീപം പുലരുവോളം കൂട്ടിരുന്ന നടി സരയുവിന്റെ വിഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേര് സരയുടെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സരയുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ശാന്തിവിള ദിനേശ്. മലയാള സിനിമയില്‍ ആത്മാര്‍ത്ഥതയുള്ള വ്യക്തികളുണ്ടെന്ന് സരയു തെളിയിച്ചെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. ക്യാമറയ്ക്കു മുന്നില്‍ മാത്രം സ്നേഹിക്കുന്നവരാണ് സിനിമാക്കാരെന്നും അവര്‍ക്ക് ആത്മബന്ധമില്ല എന്നുമാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ തന്റെ ആ കാഴ്ചപ്പാട് സരയു തിരുത്തിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിലൂടെയാണ് ലളിത ചേച്ചിയുടെ മൃതദേഹത്തിന് സമീപമിരിക്കുന്ന സരയുവിനെ കണ്ടത്. ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ വേദനയും ഒപ്പം അഭിമാനവും തോന്നി. മക്കള്‍ പോലും തളര്‍ന്ന് സ്വന്തം ബെഡ്റൂമില്‍ കിടക്കുന്ന സമയത്ത് ലളിത ചേച്ചി ഒറ്റയ്ക്കായപ്പോള്‍ വെളുക്കുന്നതുവരെ ഒരു മകളെയോ മരുമകളെയോ പോലെ സരയു കൂട്ടിരിക്കുകയായിരുന്നു. ഹൃദയം കൊണ്ട് സ്നേഹിക്കുന്നവര്‍ ചുരുക്കം പേരെങ്കിലും സിനിമാരംഗത്തുണ്ടെന്ന് സരയു തെളിയിച്ചുവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
സരയു കാണിച്ച ആത്മാര്‍ത്ഥത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. സരയുവിനെപ്പോലെ കുറേപേര്‍ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോകുകയാണ്. ഇനിയുള്ള കാലം സരയുവിന് നല്ലൊരു ജീവിതം ലളിത ചേച്ചിയുടെ അനുഗ്രഹം കൊണ്ട് ഉണ്ടാകുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു.