വിഷുവിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും നായകരായി എത്തിയ ‘അടി’ എന്ന ചിത്രം. ഫാമിലി എന്റർടയിനറായി ഏപ്രിൽ 14ന് തിയറ്ററിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസ് ചെയ്ത ചിത്രങ്ങൾ പിറ്റേദിവസം തന്നെ മൊബൈലിൽ ലഭിക്കുന്നത് സിനിമ മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്.
ഏതായാലും ഈ പ്രതിസന്ധി അടി സിനിമയ്ക്കും ഉണ്ടായി. സംവിധായകൻ പ്രശോഭ് വിജയൻ തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ട്രയിനിൽ ഇരുന്ന് ഒരാൾ മൊബൈലിൽ സിനിമ കാണുന്നതിന്റെ ഫോട്ടോ ആണ് പങ്കുവെച്ചത്. എന്നാൽ പോസ്റ്റിന് താഴെ ആളുകൾ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചിരുന്നു. നിലവിൽ ഈ പോസ്റ്റ് സംവിധായകന്റെ ടൈം ലൈനിൽ കാണാനില്ല.
‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് അടി. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ സല്‍മാനാണ് അടിയുടെ നിര്‍മ്മാതാവ്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം. അഹാന കൃഷ്ണയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നു.