മലയാളസിനിമയിൽ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 69 വയസ് ആയിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. കരൾരോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന സിദ്ദിഖിന് കഴിഞ്ഞദിവസം ഹൃദയാഘാതം സംഭവിച്ചിരുന്നു. എഗ്മോ സപ്പോർട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നെങ്കിലും ഇന്ന് രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ലാല്‍, റഹ്മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ദിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു. നാളെ രാവിലെ ഒമ്പതു മുതൽ 12 വരെ കടവന്ത്രയിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. വൈകുന്നേരം ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കം. മലയാളസിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്റെ അപ്രതീക്ഷിതമായ വേർപാടിന്റെ വേദനയിലാണ് സിനിമാലോകം.
നാട്ടിലെ നാടക സംഘങ്ങളിലൂടെ കലയുടെ ലോകത്തേക്ക് എത്തിയ സിദ്ദിഖ് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ ശ്രദ്ധേയനായി. അന്നത്തെ സുഹൃത്ത് ലാലിനൊപ്പം സംവിധായകനായി അരങ്ങേറ്റം. ആദ്യം ലാലും സിദ്ദിഖും സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത് തിരക്കഥാകൃത്ത് ആയിട്ടായിരുന്നു. ഇരുവരും തിരക്കഥാകൃത്തുക്കളായി അരങ്ങേറിയ ആദ്യചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ ആയിരുന്നു. ‘റാംജി റാവു സ്പീക്കിംഗ് ആയിരുന്നു ഇരുവരുടെയും ആദ്യ സംവിധാന സംരംഭം. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. ‘ഇൻ ഹരിഹര്‍ നഗർ’, ‘ഗോഡ് ഫാദർ’, ‘വിയറ്റ്നാം കോളനി’, ‘കാബൂളിവാല’ എന്നീ ചിത്രങ്ങൾ സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ പിറന്നതാണ്. ഹിറ്റ്ലർ സിദ്ദിഖ് സംവിധാനം ചെയ്തപ്പോൾ ലാൽ നിർമാണത്തിൽ പങ്കാളിയായി.