വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ നടൻ ഷൈൻ ടോം ചാക്കോ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ സോഹൻ സീനുലാൽ. പുറത്തേക്കുള്ള വാതിലാണെന്ന് കരുതിയാണ് ഷൈൻ ടോം ചാക്കോ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് സോഹൻ പറഞ്ഞു. ഷൈൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ പൂർണമായും ശരിയല്ലെന്നും സോഹൻ പറഞ്ഞു. ഭാരത് സർക്കസ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂന്നു ദിവസം മുമ്പാണ് സംഘം ദുബായിൽ എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ആയിരുന്നു മടക്കയാത്ര.
ദുബായിൽ എത്തിയ ദിവസം മുതൽ നിരന്തരമായി പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു. റേഡിയോകളിൽ അഭിമുഖങ്ങൾ മുതൽ വിവിധയിടങ്ങളിൽ പ്രമോഷൻ പരിപാടികളുമായി തിരക്കിൽ ആയിരുന്നു. രാത്രിയിലേക്കും നീണ്ട പരിപാടികൾക്കും ശേഷം ഷൈൻ ടോം ചാക്കോ ഉൾപ്പെടെ എല്ലാവരും ക്ഷീണിതർ ആയിരുന്നു. രാവിലെ വിമാനത്തിൽ എത്തിയപ്പോൾ വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളിൽ ഒന്നിൽ ഷൈൻ കിടക്കാൻ ശ്രമിച്ചു. എന്നാൽ ടേക്ക് ഓഫ് സമയത്ത് കിടക്കാൻ അനുവദിക്കില്ലെന്ന് ജീവനക്കാർ പറഞ്ഞു.
ഇതിനെ തുടർന്ന് ഷൈൻ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പുറത്തേക്കുള്ള വാതിൽ എന്ന് തെറ്റിദ്ധരിച്ച് കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ജീവനക്കാർ തടയുകയും പുറത്തേക്കുള്ള വാതിൽ കാണിച്ച് കൊടുക്കുകയും ചെയ്തതോടെ ഷൈൻ പുറത്തേക്ക് ഇറങ്ങുകയായിരുന്നെന്നും സോഹൻ സീനുലാൽ പറഞ്ഞു. വിസിറ്റ് വിസ ആയതിനാൽ അതിൽ എക്സിറ്റ് അടിച്ചതിനാൽ തുടർന്നുള്ള വിമാനത്തിൽ പോരാൻ കഴിയാതിരുന്നതാണ് പിന്നാട് തെറ്റായ വാർത്തകൾക്ക് കാരണമായത്. പുതിയ വിസ എടുക്കും വരെ എമിഗ്രേഷനിൽ തുടരാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. വിസ ലഭിച്ചതോടെ ബന്ധുക്കൾക്കൊപ്പം പോകുകയും ചെയ്തു.