കൊച്ചി: കാപ്പ സിനിമയിൽ നിന്ന് സംവിധായകൻ വേണു പിൻമാറി. ആശയപരമായ ഭിന്നതയെ തുടർന്നാണ് പിൻമാറ്റം. ഷാജി കൈലാസ് ആയിരിക്കും ഇനി ചിത്രം സംവിധാനം ചെയ്യുക. ചലച്ചിത്ര മേഖലയിലെ എഴുത്തുകാരുടെ സംഘടന നിർമിക്കുന്ന ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുടെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവർ ഉൾപ്പെടെ 80ൽ അധികം താരങ്ങൾ അഭിനയിക്കും.
ഫെഫ്ക റൈറ്റേഴ്സ് യൂണിയനു വേണ്ടി തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം, ദിലീഷ് നായർ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയിൽ നിന്നുള്ള വരുമാനം സംഘടനയിലെ അംഗങ്ങൾക്കുള്ള പെൻഷൻ പദ്ധതിയിലേക്ക് ഉപയോഗിക്കാനാണ് ഭാരവാഹികൾ ആദ്യഘട്ടത്തിൽ അറിയിച്ചത്. ജി ആർ ഇന്ദുഗോപൻ ആണ് തിരക്കഥ.
മാലിക്കിനായി ക്യാമറ കൈകാര്യം ചെയ്ത സാനു ജോണ് വര്ഗീസ് ആണ് ക്യാമറ. ജി ആര് ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആധാരമാക്കിയാണ് സിനിമയൊരുക്കുന്നത്. തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും കൗതുകം സൃഷ്ടിക്കുന്ന പ്രതികാരനീക്കവുമാണ് കഥയ്ക്ക് ആധാരം.