ചരിത്രം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസ് അടുത്തു തന്നെ ഉണ്ടാകുമെന്ന് സംവിധായകൻ വിനയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിനയൻ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായെന്നും അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് തീയതി അനൗൺസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. റിലീസിനു മുമ്പായി പുതിയ ട്രയിലർ എത്തുമെന്നും വിനയൻ പറഞ്ഞു. ചിത്രത്തിലെ സിജു വിത്സൺ എന്ന യുവനായകന്റെ ആക്ഷൻരംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടുമെന്നും ചർച്ച ചെയ്യപ്പെടുമെന്നും താൻ വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
‘പത്തൊൻപതാം നൂറ്റാണ്ടിന്റെ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി. അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്യുന്നതാണ്. പുതിയ ട്രെയിലറും റിലീസിനു മുൻപായി നിങ്ങളുടെ മുന്നിലെത്തും. ഈ ചിത്രത്തിൽ സിജു വിൽസൺ എന്ന യുവനായകന്റെ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു. സിജുവിനോടൊപ്പം അനുപ് മേനോനും ചെമ്പൻ വിനോദും, സുരേഷ് കൃഷ്ണയും, ഇന്ദ്രൻസും, സുദേവ് നായരും അടങ്ങിയ അൻപതോളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. ഷാജികുമാറും വിവേക് ഹർഷനും സന്തോഷ് നാരായണനും എം ജയചന്ദ്രനും അജയൻ ചാലിശ്ശേരിയും എൻ എം ബാദുഷയും പട്ടണം റഷീദും ധന്യാ ബാലകൃഷ്ണനും സുപ്രീം സുന്ദറും അടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ ഒരു വലിയ നിര എന്നോടൊപ്പം ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു.. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, നവോത്ഥാന നായകനായ ധീര സാഹസികൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ഈ ചരിത്ര സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എല്ലാ സുഹൃത്തുക്കളുടെയും സപ്പോർട്ട് ഉണ്ടാകുമല്ലോ?’- ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് വിനയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നായക കഥാപാത്രത്തെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തിൽ പാൻ ഇന്ത്യൻ സിനിമയായി റിലീസ് ചെയ്യാൻ സാധിച്ചേക്കുമെന്നും ടീസറിന് അത്ര വലിയ ഹൈപ്പാണ് കിട്ടിയിരിക്കുന്നതെന്നും അണിയറപ്രവർത്തകർ പറഞ്ഞു. അതുകൊണ്ടു തന്നെ പത്തൊമ്പതാം നൂറ്റാണ്ട് ഒരു പാൻ ഇന്ത്യൻ റിലീസ് ആയി എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.