ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയിലൂടെ സംവിധായകൻ വിനയൻ നടത്തിയിരിക്കുന്നത്. സിജു വിൽസൺ നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമ കണ്ട നിരവധി പേരാണ് സിജുവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം, ചിത്രത്തിൽ സിജു വിൽസൺ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോയെന്ന് ആണ് ഭൂരിഭാഗം പേരുടെയും സംശയം. എന്നാൽ, അതല്ലെന്നും സിജുവിന്റെ കഠിനാദ്ധ്വാനം ഒന്നുകൊണ്ടു മാത്രമാണ് ഇത്തരത്തിൽ കുതിര സവാരി നടത്താൻ കഴിഞ്ഞതെന്ന് വ്യക്തമാക്കുകയാണ് വിനയൻ.
സിജു വിൽസൺ കുതിരപ്പുറത്ത് ചാടിക്കയറുന്ന വീഡിയോ പങ്കുവെച്ചാണ് അതിനു വേണ്ടി സിജു നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് വിനയൻ വ്യക്തമാക്കുന്നത്. ‘മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കൾ എന്നോട് ചോദിച്ചു സിജു വിൽസൺ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേൽ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ്. അതിന്റെ ഒരു റിസൾട്ട് എന്നവണ്ണമാണ് കേരളജനത ഏകകണ്ഠമായി സിജു വിൽസൺ എന്ന ആക്ഷൻ ഹീറോയേ അംഗീകരിച്ചിരിക്കുന്നത്.’ – സിജു കുതിരസവാരി നടത്തുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് വിനയൻ കുറിച്ചു.
സെപ്റ്റംബര്‍ എട്ടിനായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്. സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വി സി പ്രവീണ്‍, ബൈജു ഗോപാലന് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. കൃഷ്ണമൂര്ത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന് ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന് എന്നിവരും ചിത്രത്തിലുണ്ട്.