റിലീസ് ചെയ്തതു മുതൽ തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ് ജയ ജയ ജയ ജയ ഹേ. കണ്ടവർ മനസു നിറഞ്ഞ് ചിരിച്ചാണ് തിയറ്ററുകളിൽ പുറത്തേക്ക് ഇറങ്ങുന്നത്. സിനിമാരംഗത്ത് നിന്നുള്ളവരും മികച്ച അഭിപ്രായമാണ് ജയ ജയ ജയ ജയ ഹേ സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ഒപ്പം ബേസിലിനെയും ദർശനയെയും മനസു നിറഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുന്നു.
ദർശനയ്ക്കും ബേസിലിനും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. ജയ ജയ ജയ ജയ ഹേയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് ബേസിലിന്റെയും ദർശനയുടെയും തകർപ്പൻ പെർഫോമൻസാണെന്ന് വിനീത് ശ്രീനിവാസൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചിത്രത്തിലെ അമ്മ വേഷം ചെയ്ത താരത്തെ പ്രത്യേകമായി അഭിനന്ദിക്കാനും വിനീത് മറന്നില്ല. ഒരു ചെറിയ സിനിമ കൂടി ഈ വർഷം ബ്ലോക്ക്ബസ്റ്റ്ർ ആകാൻ പോകുകയാണെന്നും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനമെന്നും വിനീത് കുറിച്ചു.
അജു വര്‍ഗീസ്, സുധീര്‍ പരവൂര്‍, അസീസ് നെടുമങ്ങാട്, മഞ്ജുപിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിയേര്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ്. ബബ്ലു അജു ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്സ് ഫുകുയോഷി റുവേ ആണ്.