മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രമാണ് പുലിമുരുകന്. മലയാള സിനിമ ഇന്ഡസ്ട്രിയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച ഈ ചിത്രം ആറു വര്‍ഷം മുന്‍പാണ് റിലീസ് ചെയ്തത്. മലയാളത്തില്‍ നിന്ന് ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു പുലിമുരുകന്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന് വൈശാഖ്.
പുതിയ ചിത്രമായ നൈറ്റ് ഡ്രൈവിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പ്രസ് മീറ്റില്‍ ഉയര്‍ന്ന ചോദ്യത്തോടായിരുന്നു വൈശാഖിന്റെ പ്രതികരണം. പുലി മുരുകന് രണ്ടാം ഭാഗം എപ്പോള്‍ വരും എന്ന ചോദ്യത്തിന് നൈറ്റ് ഡ്രൈവ് രണ്ടാം ഭാഗത്തിന് ശേഷം എന്നായിരുന്നു വൈശാഖിന്റെ മറുപടി. ഇത് അവിടെ കൂടിയിരുന്നവരില്‍ ചിരി പടര്‍ത്തി.
റോഷന് മാത്യു, അന്ന ബെന്‍, ഇന്ദ്രജിത് സുകുമാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് ഒരുക്കിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. മാര്‍ച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ദീഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മുത്തുമണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഇത് കൂടാതെ ഉദയ കൃഷ്ണ രചിച്ച് മോഹന്‍ലാല്‍ നായകനാകുന്ന മോണ്‍സ്റ്റര്‍ എന്ന ചിത്രവും വൈശാഖ് ഒരുക്കിക്കഴിഞ്ഞു. ചിത്രം തീയറ്റര്‍ റിലീസാണെന്നാണ് വിവരം.