തെലുങ്ക് താരമായ നടൻ വിജയ് ദേവരക്കൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘ലൈഗർ’ പരാജയത്തിലേക്ക്. വലിയ പ്രതീക്ഷയോടെ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് തിയറ്ററുകളിൽ നിരാശ ആയിരുന്നു ഫലം. ചിത്രം തിയറ്ററുകളിൽ 50 കോടി നഷ്ടമെങ്കിലും ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഒട്ടാകെ മൂവായിരത്തോളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കരൺ ജോഹറിനൊപ്പം സിനിമയുടെ സംവിധായകൻ പുരി ജഗന്നാഥും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ബോക്സ് ഓഫീസിൽ ചിത്രം പരാജയമായതോടെ സിനിമയുടെ മോശം പ്രകടനം കൊണ്ടുണ്ടായ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വിതരണക്കാർ. തങ്ങൾക്കുണ്ടായ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകനെ കാണാൻ ഒരുങ്ങുകയാണ് വിതരണക്കാർ. തെലുങ്ക് ഓൺലൈൻ ന്യൂസ് പോർട്ടൽ ആയ തെലുങ്ക് 360 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റിലീസിന് മുമ്പ് തിയറ്റർ ഡീലുകളും മറ്റും കൈകാര്യം ചെയ്തത് വഴി നിർമാതാക്കൾ ലാഭം നേടിയിരുന്നു. വിസാഗ് ഭാഗത്ത് സിനിമ വിതരണം ചെയ്ത ദിൽ രാജു നാലു കോടിയോളം രൂപയാണ് നഷ്ടം നേരിട്ടത്. ദിൽ രാജുവും എൻ വി പ്രസാദും പുരി ജഗന്നാഥിനെ കണ്ട് സാഹചര്യം വ്യക്തമാക്കിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയുടെ മുഴുവൻ വിതരണക്കാരും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുരി ജഗന്നാഥിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. അതേസമയം, വിതരണക്കാർക്കെല്ലാം നഷ്ടപരിഹാരം നൽകുമെന്ന് പുരി ജഗന്നാഥ് പറഞ്ഞതായും റിപ്പോർട്ടിൽ ഉണ്ട്. കരൺ ജോഹർ സിനിമയുടെ പ്രൊഡ്യൂസർ ആയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ബോയ്കോട്ട് കാമ്പയിൻ നടന്നിരുന്നു. ഓഗസ്റ്റ് 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.