സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് (കെ.എസ്.എഫ്.ഡി.സി )നിര്‍മ്മിച്ച ആദ്യ ചിത്രം ഡിവോഴ്സിന്റെ ആദ്യപ്രദര്‍ശനം കലാഭവന്‍ തിയേറ്ററില്‍ വച്ച് നടന്നു. ഐ ജി മിനി സംവിധാനംചെയ്ത ഡിവോഴ്സിന്റെ പ്രദര്‍ശന ഉദ്ഘാടനം മന്ത്രി എ.കെ. ബാലന് നിര്‍വഹിച്ചു.വനിതാശാക്തീകരണത്തിന്റെ കാഴ്ചപ്പാടില്‍ തുടങ്ങിയ പദ്ധതി മാതൃകാപരമെന്നു കെ എസ് എഫ് ഡി സി ചെയര്മാന് ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഒന്നര കോടിയാണ് സിനിമ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ വനിതാ സംവിധായകര്‍ക്ക് അനുവദിച്ചത്.ഐ ജി മിനിക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട താര രാമാനുജന്റെ നിഷിദ്ധോ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ജീവിത പങ്കാളിയില്‍ നിന്ന് ഏല്ക്കുന്ന പീഡാനുഭവങ്ങള്‍ സഹിക്കാനാകാതെ ഈ പെണ്ണുങ്ങള് തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതാണ് ഐ ജി മിനിയുടെ ഡിവോഴ്സ് പറയുന്നത്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ എത്തുന്നു. നിയമം അതിന്റെ വ്യവസ്ഥാപിതമായ അളവകോലുകള് വച്ച് ഓരോരുത്തരുടെയും ജീവിതത്തെ പുനര്‍ നിര്‍ണ്ണയിക്കുന്നു. കോടതി മുറികളിലെ ചില അസ്വസ്ഥപെടുത്തുന്ന രംഗങ്ങള്‍ പെണ് ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ്. പലതട്ടിലുള്ള പല ജോലികളിലും ഏര്‍പ്പെടുന്ന സ്ത്രീകളെ ഓരോ വിവാഹ മോചനം എങ്ങനെയാണ് ബാധിക്കുന്നതെന്ന് ചിത്രത്തില്‍ പ്രതിപാദിക്കുന്നു.
”ഒരു രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നു. വേദനാജനകമായ വിഭജനം. അന്നു വരെയുള്ള അവസ്ഥയും വ്യവസ്ഥയും മാറുന്നു. പുതിയ നിയമങ്ങള്‍ പുതിയ ഭരണ ക്രമങ്ങള്‍. പിന്നെയുള്ളത് വ്യക്തികളുടെ പലായനമാണ്. ഇവിടെ അത് , വേദനകളില്‍ നിന്നും അതിജീവനത്തിന്റെ ഉയിര്ത്തെഴന്നേല്പ്പാണ്. ജനനം, കല്യാണം , മരണം പോലെ ഇന്ന് ജീവിതത്തില്‍ സ്വാഭാവികമായി കടന്നു വരുന്ന ഘട്ടമാണ് ഡിവോഴ്സ് .വ്യത്യസ്ത ജീവിത രീതിയിലും പ്രായത്തിലും കഴിയുന്ന ആറു സ്ത്രീകളുടെ ജീവിതത്തില്‍ ഡിവോഴ്സ് കയറി വരുന്നു. ഇതിനു മുന്‍പും മലയാള സിനിമയില്‍ വിവാഹമോചന കഥകള്‍ വന്നിട്ടുണ്ടെങ്കിലും സ്ത്രീകളുടെ വികാരങ്ങളെയും മാനസിക സംഘര്‍ഷങ്ങളെയും ആഴത്തില്‍ സമീപിക്കുകയായിരുന്നു എന്ത് ലക്ഷ്യം . എന്റെ ഈ സിനിമ പൂര്‍ണമായി സ്ത്രീകളുടെ കാഴ്ച്ചപ്പാടിലാണ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്”സംവിധായിക ഐ ജി മിനി പറഞ്ഞു.
നാഷ്നല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ലാല്‍ ജോസ്, പി. ബാലചന്ദ്രന് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന മിനി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയ്ക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത് വിനോദ് ഇല്ലംപള്ളിയാണ്. സൂപ്പര്‍ഹിറ്റ് ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജയരാജിന്റെ ഹാസ്യം എന്നീ സിനിമകള്‍ക്കു ശേഷം ഇല്ലംപള്ളി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണ് ഡിവോഴ്സ്. ഡേവിസ് മാനുവല്‍ ആണ് എഡിറ്റിംഗ് . ആര്‍ട് നിതീഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹന്‍.കെ .പി .എ.സി. ലീല, അഖില,ജി സരേഷ് കുമാര്‍ , ഷിബ് ല ഫറ,സ്മിത അമ്പു, അമലേന്ദു, അശ്വതി, സന്തോഷ് കീഴാറ്റൂര്‍,ചന്തുനാഥ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.