അന്യന്റെ മരണത്തിൽ സങ്കടം അഭിനയിച്ച് സന്തോഷിക്കുകയും എല്ലാവരും സന്തോഷിക്കുന്ന കല്യാണം പോലെയുള്ള സന്ദർഭങ്ങളിൽ ഉള്ളിൽ അസൂയയും സങ്കടവും നിറച്ച് പുറമെ ചിരിക്കുകയും ചെയ്യുന്ന ഒരു സമൂഹം. ആ സമൂഹത്തിന്റെ നാടകങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് നിശിതമായി വിമർശിച്ചിരിക്കുന്ന ഒരു കൊച്ചു വലിയ ചിത്രം. അതാണ് മോഹൻലാൽ – രഞ്ജിത്ത് കൂട്ടുകെട്ടിൽ എത്തിയിരിക്കുന്ന ഡ്രാമ. ഉടനീളം ചിരികൾ ഉതിർക്കുമ്പോഴും ചിന്തിക്കുവാൻ ഏറെ നൽകുന്നുണ്ട് ചിത്രം. ബന്ധങ്ങൾ ബന്ധനങ്ങളെന്നും മാതൃത്വം പണത്തിന് കീഴെയെന്നും ചിന്തിക്കുന്ന, ചിന്തിപ്പിക്കപ്പെടുന്ന, ചിന്തിപ്പിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു കണ്ണാടി പോലെ അവരെ തന്നെ കാണാം ഡ്രാമയിൽ. ഓരോ മക്കളും മാതാപിതാക്കൾക്കൊപ്പം കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഇതെന്ന് ഉറപ്പിച്ചു പറയാം. രഞ്ജിത്ത് എന്ന സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കൈയ്യൊപ്പ് പതിഞ്ഞ ചിത്രം.
![Drama Malayalam Movie Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/Drama-Malayalam-Movie-Review-1.jpg?resize=788%2C394&ssl=1)
തന്റെ മകളോടൊപ്പം കട്ടപ്പനയിൽ നിന്നും ലണ്ടനിൽ എത്തിയ റോസമ്മ അവിടെ വെച്ച് മരണമടയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മക്കളുടെ സൗകര്യാർത്ഥം മൃതദേഹം ലണ്ടനിൽ തന്നെ സംസ്ക്കരിക്കുവാൻ നിശ്ചയിക്കുന്നു. ഡിക്സൺ ലോപ്പസ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ഫ്യൂണറൽ ഡയറക്ടേഴ്സ് കമ്പനിയെ അതിനുള്ള നടത്തിപ്പുകൾ ഏൽപ്പിക്കുന്നു. കമ്പനിയുടെ പാർട്ണർമാരിൽ ഒരാളായ രാജു എന്ന രാജഗോപാൽ സീനിലെത്തുന്നതോടെ ചിത്രത്തിന്റെ ഗതി തന്നെ മാറുന്നു. ബാക്കി വെച്ച ചില സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായുള്ള പിന്നീട് ഉള്ള പരിശ്രമങ്ങളാണ് ചിരിയും ചിന്തയും ചേർത്ത് ഡ്രാമയിൽ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ സ്വതഃസിദ്ധമായ മാനറിസങ്ങൾ കൊണ്ട് ചിത്രത്തിൽ ഉടനീളം നിറഞ്ഞ് നിൽക്കുന്ന മോഹൻലാലിൻറെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. പ്രേക്ഷകരുടെ, പ്രത്യേകിച്ച് അമ്മമാരുടെ, ഹൃദയം കവരുന്ന ഒരു പ്രകടനമാണ് മോഹൻലാൽ കാഴ്ച്ച വെച്ചിരിക്കുന്നത്. ഹണി ട്രാപ് സീനും രണ്ടാം പകുതിയുടെ തുടക്കവുമെല്ലാം മോഹൻലാൽ എന്ന നടന്റെ മുഖത്ത് വിരിയുന്ന വ്യത്യസ്ഥ ഭാവങ്ങളുടെ ഒരു നിലക്കാത്ത ഒരു ഘോഷയാത്ര തന്നെയാണ് പ്രേക്ഷകർക്കായി സമ്മാനിച്ചത്.
![Drama Malayalam Movie Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/Drama-Malayalam-Movie-Review-2.jpg?resize=788%2C394&ssl=1)
മരണത്തിലെ ചിരിയും ചിന്തയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഓരോ കഥാപാത്രങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്. റോസമ്മയായി നിറഞ്ഞ് നിന്ന അരുന്ധതി നാഗാണ് എടുത്തു പറയത്തക്ക ഒരു പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്. ബൈജുവിന്റെ പൊടിയൻ, ദിലീഷ് പോത്തന്റെ ഡിക്സൺ ലോപ്പസ്, ജോണി ആന്റണിയുടെ ആന്റോ എന്നീ കഥാപാത്രങ്ങൾ തീർത്ത ചിരികൾ ഡ്രാമയെ കൂടുതൽ മനോഹരമാക്കി. ആശാ ശരത്, ശ്യാമപ്രസാദ്, കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, രഞ്ജി പണിക്കർ, നിരഞ്ജൻ എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുകയും അവരുടെ റോൾ മനോഹരമായി തന്നെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
![Drama Malayalam Movie Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/Drama-Malayalam-Movie-Review-3.jpg?resize=788%2C429&ssl=1)
സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ തിരക്കഥ തന്നെയാണ് ഡ്രാമയുടെ കാതലായി വർത്തിച്ചിരിക്കുന്നത്. ലളിതമായ ഒരു സംഭവത്തെ നർമത്തിന്റെ സഹായത്തോടെ അവതരിപ്പിച്ചപ്പോൾ അത് പ്രേക്ഷകന്റെയും മനസ്സ് നിറക്കുന്ന ഒന്നായി തീർന്നു. ഒരു മെല്ലെപ്പോക്ക് ചിത്രത്തിൽ അനുഭവപ്പെടുമെങ്കിലും പ്രേക്ഷകന്റെ ആസ്വാദനത്തെ അത് ഒരിക്കലും തടസ്സപ്പെടുത്തിയിട്ടില്ല എന്നത് തന്നെയാണ് ശ്രദ്ധേയം. അളഗപ്പൻ നിർവഹിച്ച ഛായാഗ്രഹണവും ബിജിപാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും സന്ദീപിന്റെ എഡിറ്റിങ്ങ് കൂടിയായപ്പോൾ ഡ്രാമ പ്രേക്ഷകർക്ക് കൂടുതൽ അനുഭവവേദ്യമായി. പുതുതലമുറക്കുള്ള ഒരു സന്ദേശം, എന്നും പ്രസക്തിയുള്ള ഒരു വിഷയം, ചിരിയോടൊപ്പം ചിന്ത എന്നിങ്ങനെ എന്തുകൊണ്ടും ജീവിതത്തിലും നാടകം കളിക്കുന്ന ഇന്നത്തെ സമൂഹം കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഡ്രാമ.