തന്മയത്വമാർന്ന അഭിനയത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്ന നായികയാണ് മീരാ ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടി നടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്. 2004ൽ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള നാഷണൽ ഫിലിം അവാർഡ്, മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് ഫിലിം അവാർഡ്, മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയും മീര കരസ്ഥമാക്കിയിട്ടുണ്ട്. 2007ൽ ഒരേ കടൽ എന്ന ചിത്രത്തിനും മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് ഫിലിം അവാർഡ് നടി നേടിയെടുത്തിരുന്നു.
2016ല്‍ പുറത്തിറങ്ങിയ പത്ത് കല്പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു. വിജയകാന്ത്, അജിത്, വിജയ്, മാധവൻ, വിശാൽ തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുള്ള മീര തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തെങ്കിലും വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്റെ മടങ്ങിവരവ്. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം ഇപ്പോൾ. ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് മീര ജാസ്മിൻ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
‘സ്വപ്നതുല്യമായ സന്തോഷം’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രാഹുൽ ജാൻഗ്യാനി ആണ് ഫോട്ടോഗ്രാഫർ. ജാസ്മിൻ ലോയ്സ് റോഡ്രിഗസാണ് മേക്കപ്പും ഹെയറും ചെയ്തിരിക്കുന്നത്. പ്രണവ് സൂദും സന്യ സേതുമാണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്.
View this post on Instagram
സോഷ്യൽ മീഡിയയിൽ സജീവമായതിന് ശേഷം ഇടയ്ക്കിടയ്ക്ക് ഫോട്ടോകളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞദിവസം ‘മകൾ’ സിനിമയുടെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കൂടാതെ, കുടുംബവിശേഷങ്ങളും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും മീര ജാസ്മിൻ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.