മലയാളി പ്രേക്ഷകരുടെ പ്രിയ ചിത്രമാണ് ദൃശ്യം. അതുകൊണ്ടു തന്നെ ദൃശ്യം കണ്ടവര്‍ അങ്ങനെ മറക്കാന്‍ ഇടയില്ലാത്തൊരു ദിവസമാണ് ഓഗസ്റ്റ് 2. ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസമാണന്ന്. പക്ഷേ ഇത്തവണ ഓഗസ്റ്റ് രണ്ടിന് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ധ്യാനം മുടങ്ങിയിരിക്കുകയാണ്. ‘കോവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ല പോലും…’ജോര്‍ജുകുട്ടിയുടെ ഇളയമകളായ അനുമോളാണ് ഇക്കാര്യം അറിയിച്ചത്. ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട ട്രോള്‍ പങ്കുവച്ചായിരുന്നു എസ്തറിന്റെ പ്രതികരണം.
ഡിസംബര്‍ 19, 2013ലാണ് ദൃശ്യം റിലീസിനെത്തുന്നത്. ചിത്രം പുറത്തിറങ്ങി എട്ട് വര്‍ഷം പിന്നിടുമ്പോഴും ഒരു ദിവസത്തിന്റെ പേരിലും ഈ ചിത്രം ചര്‍ച്ചയാകുന്നു. ഓഗസ്റ്റ് 2 എന്ന തിയതി പിന്നീട് പലരും സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാക്കി. തമാശയുമാക്കി. വരുണ്‍ പ്രഭാകറിന്റെ ചരമവാര്‍ഷികവും ധ്യാനം കൂടലും അങ്ങനെ അങ്ങനെ. രാത്രി വീട്ടില്‍ താമസിച്ചു വന്നാല്‍, ഒരു ദിവസം സ്കൂളില്‍ വരാതിരുന്നാല്‍ അതിനൊക്കെ കാരണമായി ധ്യാനത്തിനു പോയെന്ന മറുപടി. എന്തിനും ഏതിനും ഒരു ധ്യാനത്തിനു പോക്ക്. ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കലക്ഷനില്‍ വാരിയത് 75 കോടിക്ക് മുകളില്‍ രൂപയാണ്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരി പടങ്ങളുെട പട്ടികയിലും ദൃശ്യം ഇടം നേടി.
ചിത്രത്തിന് മൈ ഫാമിലി എന്നായിരുന്നു ആദ്യം നല്കിയ പേര്. പിന്നീടാണ് ദൃശ്യമെന്ന് മാറ്റിയത്. ജീത്തു തിരക്കഥ എഴുതി മറ്റൊരു സംവിധായകനെ കൊണ്ട് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ആ സംവിധായകന് നിര്‍മാതാവിനെ കിട്ടാത്ത സാഹചര്യം ഉണ്ടായപ്പോള്‍ ജീത്തു തന്നെ സംവിധാനം ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 2013ന് തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങി. വഴിത്തലയിലെ വീട് ആയിരുന്നു പ്രധാനലൊക്കേഷന്‍. 52 ദിവസമായിരുന്നു ചാര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ വെറും 44 ദിവസത്തിനുള്ളില്‍ ദൃശ്യം സിനിമയുടെ ചിത്രീകരണം ജീത്തു പൂര്‍ത്തിയാക്കി. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ദൃശ്യം 2ഉം വന്‍വിജയമായിരുന്നു.