മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ ഈ മാസം 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് എട്ടിന് പുറത്തിറക്കുമെന്ന് ആമസോണ്‍ പ്രൈം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
മലയാള സിനിമയെയും പ്രേക്ഷകരെയും സംബന്ധിച്ച് സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ‘ദൃശ്യം 2’ന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരം. പുതുവത്സരദിനത്തില്‍ പുറത്തെത്തിയ ടീസറിനൊപ്പമാണ് ചിത്രം തീയേറ്ററുകളിലേക്കില്ലെന്നും മറിച്ച് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് എന്നും അറിയിപ്പ് എത്തിയത്.
ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്ഥേര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്