സോഷ്യൽമീഡിയ തുറന്നാൽ ഇപ്പോൾ ഒരൊറ്റ പാട്ടേ കേൾക്കാനുള്ളൂ. ‘ദേവദൂതർ പാടി’ എന്ന ഗാനവും അതിന് ചാക്കോച്ചൻ ചുവടുവെച്ച ഡാൻസുമാണ് സോഷ്യൽ മീഡിയയിലെ ട്രെൻഡ്. ഏതായാലും ചാക്കോച്ചന്റെ ഡാൻസിന് ഇപ്പോൾ ചുവടുവെച്ചിരിക്കുന്നത് ദുൽഖർ സൽമാൻ ആണ്. ദുൽഖർ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘സീതാരാമ’ത്തിന്റെ പ്രമോഷനുമായി എത്തിയപ്പോൾ ആണ് ‘ദേവദൂതർ പാടി’ ഗാനത്തിന് ചാക്കോച്ചൻ സ്റ്റൈൽ ചുവടുകളുമായി ദുൽഖർ വേദിയിൽ നിറഞ്ഞത്. കൊച്ചി ലുലുമാളിൽ നടന്ന ചടങ്ങിലായിരുന്നു ഈ സംഭവം. ദേവദൂതർ പാടി എന്ന എവർഗ്രീൻ ഹിറ്റ് ഗാനം ദുൽഖർ വേദിയിൽ പാടുകയും ചെയ്തു.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലാണ് ‘ദേവദൂതർ പാടി’ ഗാനത്തിനായി കുഞ്ചാക്കോ ബോബന്റെ വൃത്യസ്തമായ ഡാൻസ് പ്രകടനം നടന്നത്. ഉത്സവത്തിനിടയിൽ ഗാനമേളയ്ക്കിടെ കാണികളിൽ ഒരാളായി നൃത്തം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ആയിരുന്നു രംഗങ്ങളിൽ. ഏതായാലും കുഞ്ചാക്കോ ബോബന്റെ ഈ നൃത്തം വൈറലായി മാറിയിരിക്കുകയാണ്.
ദുൽഖർ ഡാൻസ് ചെയ്യുന്ന വീഡിയോ സീതാ രാമത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് വീഡിയോ അവരുടെ യൂട്യുബ് ചാനലില്‍ പങ്കുവെച്ചത്. 1985ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ മറ്റൊരു രീതിയിലുള്ള പുനരാവിഷ്കാരമായിരുന്നു കുഞ്ചാക്കോ ബോബന് നടത്തിയത്.