ടോപ് ഗിയർ ഇന്ത്യ മാഗസിൻ കവറിൽ ഇടം പിടിച്ച് നടൻ ദുൽഖർ സൽമാൻ. മാഗസിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള ഇഷ്യൂവിലാണ് കവറിൽ ദുൽഖർ സൽമാൻ ഇടം പിടിച്ചത്. ഓട്ടോമൊബൈൽ മാഗസിനായ ടോപ് ഗിയറിന്റെ കവറിൽ ഇടം പിടിക്കുന്ന ആദ്യ തെന്നിന്ത്യൻ താരം കൂടിയാണ് ദുൽഖർ സൽമാൻ.
അതേസമയം, രണ്ടാമതായി ഇടം പിടിക്കുന്ന ഇന്ത്യൻ ചലച്ചിത്ര താരവുമാണ് അദ്ദേഹം. ദുബായിൽ വെച്ചാണ് മാഗസിന്റെ കവറിനു വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് നടന്നിരിക്കുന്നത്. സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് നടൻ പ്രതികരിച്ചത്. “ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം എനിക്ക് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,” മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഓഡി ആർ എസ് ഇ-ട്രോൺ ജിറ്റി കാറിന് ഒപ്പം ദുൽഖർ നിൽക്കുന്ന ചിത്രമാണ് കവറിൽ.
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റെ ചിത്രീകരണം പൂർത്തിയായ ചിത്രം. സംവിധായകൻ ടിനു പാപ്പച്ചനൊപ്പമുള്ള സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.