പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രമാണ് സിതാരാമം. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. റിലീസിന് മുമ്പ് തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായാണ് ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുന്നത്.
തിയറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രി – റിലീസ് ബിസിനസ് വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിസാം – അഞ്ച് കോടി, സീഡഡ് – രണ്ട് കോടി, ആന്ധ്ര – ഏഴ് കോടി, ആന്ധ്രപ്രദേശും തെലങ്കാനയും 14 കോടി. ചുരുക്കത്തിൽ റിലീസിനു മുമ്പ് നടന്ന പ്രി റിലീസ് ബിസിനസിലൂടെ 19.50 കോടി രൂപയാണ് സ്വന്തമാക്കിയത്.
ചിത്രത്തിൽ രശ്മിക മന്ദാനയും ഒരു പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സിത എന്ന കഥാപാത്രമായി എത്തുന്നത്. ദുൽഖർ സൽമാൻ ആണ് റാം എന്ന കഥാപാത്രമായി എത്തുന്നത്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതം ഇതിനകം തന്നെ വലിയ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സ്വപ്ന സിനിമയും വൈജയന്തി മൂവീസും ചേർന്ന് നിർമ്മിച്ച സീതാ രാമം ഹനു രാഘവപുടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.