പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ സഹോദരിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച ദുൽഖർ അതിലളിതമായ ഒരു കുറിപ്പിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. സഹോദരി സുറുമിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ദുൽഖർ പങ്കുവെച്ചത്.
ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ഏറ്റവും ലളിതമാണെന്നും നാമെല്ലാവരും ഒരുമിച്ച് ചെലവഴിക്കുന്ന സമയത്തേക്കാൾ ലളിതമല്ല മറ്റൊന്നുമെന്നും കുറിക്കുകയാണ് ദുൽഖർ സൽമാൻ. ഈ വർഷമെങ്കിലും ഒരുമിച്ച് ഒരുപാട് യാത്രകൾ പോകാനും സമയം ചെലവിടാനും കഴിയട്ടെ എന്ന് കുറിക്കുന്നു ദുൽഖർ. ദുൽഖറിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
‘എന്റെ പ്രിയപ്പെട്ട ഇത്തയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ഏറ്റവും ലളിതമാണ്. നമ്മളെല്ലാവരും ഒരുമിച്ച് ചെലവഴിക്കുന്ന സമയത്തേക്കാൾ ലളിതമായ മറ്റൊന്നില്ല. ജോലി കാരണവും വിവിധ നഗരങ്ങളിലായതും ഇത് കൂടുതൽ ബുദ്ധിമുട്ടാക്കുകയാണെന്ന് എനിക്കറിയാം. സഹോദരങ്ങളുടെ പഴങ്കഥ. ഈ വരുന്ന വർഷം നമുക്കെല്ലാവർക്കും ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാനും യാത്രകൾ ചെയ്യാനും സാധിക്കട്ടെ. അതിലും വലിയ സന്തോഷം മറ്റൊന്നില്ല. നല്ല ദിവസം ആശംസിക്കുന്നു ഇത്താ, നിന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു.’ – ദുൽഖർ കുറിച്ചു. പിതാവിന്റെയും സഹോദരന്റെയും വഴിയിൽ നിന്നും മാറി സഞ്ചരിക്കുന്ന സുറുമി ചിത്ര രചനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.