പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ പുതിയ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള യാത്രയിലാണ്. തെലുങ്കിലെ തന്റെ രണ്ടാമത്തെ ചിത്രം മികച്ച വിജയം സ്വന്തമാക്കുന്നതിന് ഒപ്പം തെലുങ്കിലെ സൂപ്പർതാരങ്ങളെ പിന്നിലാക്കിയാണ് ദുൽഖറിന്റെ തേരോട്ടം എന്നതും ശ്രദ്ധേയമാണ്. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി എത്തിയ സീതാരാമം മികച്ച അഭിപ്രായങ്ങൾ നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. മനോഹരമായ ഒരു കവിത പോലെ പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടിയ ചിത്രം ഗംഭീര അഭിപ്രായങ്ങളാണ് സ്വന്തമാക്കുന്നത്. ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെ കൈയടികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഈ ഒരു ചിത്രത്തോട് കൂടി ഇനി റൊമാന്റിക് ചിത്രങ്ങൾ ചെയ്യില്ലായെന്ന് വെളിപ്പെടുത്തിയ ദുൽഖറിനോട് ആ തീരുമാനത്തിൽ നിന്നും മാറണമെന്നും ഇനിയും പ്രണയചിത്രങ്ങൾ ചെയ്യണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ 2020 – 2022 കാലഘട്ടത്തിൽ യു എസിൽ മൂന്നാം വെള്ളിയാഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രങ്ങളുടെ ലിസ്റ്റിൽ ആർ ആർ ആറിന് പിന്നിലായി രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുകയാണ് ചിത്രം. 26846 യു എസ് ഡോളർ കളക്ഷൻ ഈ ദിനം നേടിയ ചിത്രം അല്ലു അർജുന്റെ അലോ വൈകുണ്ഠപുരമുലോ, പുഷ്പ, മഹേഷ് ബാബു ചിത്രം സരിലേരു നീകെവ്വാരു തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം നിർവഹിചെയ്തു സീതാരാമം തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ മറ്റ് ദുൽഖർ സൽമാൻ ചിത്രങ്ങൾ. ലഫ്റ്റനന്റ് റാമെന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തിയ ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീത സംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.