ഇഷ്ടവാഹനങ്ങള് സ്വന്തമാക്കുന്നതില്‍ മുന്നിലാണ് യുവനടന് ദുല്‍ഖര്‍ സല്മാന്. വിന്റേജ് വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നതിലുള്‍പ്പെടെ ദുല്‍ഖറിന്റെ ഭ്രമം നേരത്തെ പലവട്ടം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബിഎംഡബ്ളിയു, ഫെരാരി, പോര്‍ഷെ, ബെന്‍സ് തുടങ്ങിയ ആഡംബര കാറുകള്‍ക്ക് പിന്നാലെ മെഴ്സിഡസ് ബെന്‍സ് ജി 63 സ്വന്തമാക്കിയിരിക്കുകയാണ് ഡിക്യു.
ഒലിവ് നിറത്തിലുള്ള ബെന്‍സ് ജി 63 എഎംജി മോഡലാണ് ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ ഗാരേജിലേക്കെത്തിയിരിക്കുന്നത്. രണ്ട് കോടി 45 ലക്ഷമാണ് ഇന്ത്യയിലെ വില. മെഴ്സിഡസ് ബെന്‍സിന്റെ തന്നെ എസ്.എല്‍.എസ് എഎംജിയും ദുല്‍ഖറിന്റെ കളക്ഷനിലുണ്ട്. നേരത്തെ ദുല്‍ഖര്‍ മോഡിഫൈഡ് ട്രയംഫ് ബോണ്‍വില്ല സ്വന്തമാക്കിയിരുന്നു. സ്റ്റീവ് മെക്യൂനിനുള്ള ആദരവായിട്ടാണ് ബൈക്ക് മോഡിഫൈ ചെയ്തത് എന്നാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നത്. തന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നെന്നും ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ളൊരു ബൈക്ക് മോഡിഫിക്കേഷനെന്നുമായിരുന്നു അന്ന് ദുല്‍ഖര്‍ പറഞ്ഞത്. കൂടാതെ ദുല്‍ക്കര്‍ സല്മാന് ബിഎംഡബ്ല്യു ആര് 1200 ജിഎസ് എന്ന അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കും സ്വന്തമാക്കിയിരുന്നു. മാത്രമല്ല ബൈക്കില്‍ ബാംഗ്ലൂരില്‍ നിന്ന് ബന്ദിപ്പൂര്‍, മുതുമല, കൂനൂര്‍ വഴിയൊരു യാത്രയും നടത്തിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. സൗബിന് ഷാഹിര്‍ സംവിധാനം ചെയ്യുന്ന ഓതിരം കടകം, അഭിലാഷ് ജോഷിയുടെ കിംഗ് ഓഫ് കോത്ത എന്നിവയാണ് ദുല്‍ഖറിന്റെ വരാനിരിക്കുന്ന സിനിമകള്‍. കുറുപ്പ് ആണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്. റോഷന് ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട്, ലെഫ്റ്റന്റ് റാം എന്ന തെലുങ്ക് ചിത്രം, ബൃന്ദ സംവിധാനം ചെയ്ത ഹേയ് സിനാമിക എന്നീ സിനിമകളും ഒരുങ്ങുന്നുണ്ട്.