പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രം സിതാരാമം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യപകുതി നല്ലതും രണ്ടാം പകുതി അതിനേക്കാൾ വളരെ മികച്ചതാണെന്നുമാണ് ആദ്യ റിപ്പോർട്ടുകൾ. മികച്ച തിരക്കഥ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹനു രാഘവപുടി. ദുൽഖറും മൃണാളും ഒപ്പം രശ്മിക മന്ദാനയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സിതാരാമം. റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.
വളരെ മനോഹരമായ പാട്ടുകൾ ദൃശ്യങ്ങളും തിയറ്ററുകളിൽ പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നാണ് സമ്മാനിക്കുന്നത്. ലോകം മുഴുവൻ റിലീസായ ചിത്രത്തിന് യു എസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനം, കഥ പറയുന്ന രീതി, ഛായാഗ്രഹണം, സംഗീതം തുടങ്ങി എല്ലാം മേഖലകളിലും പ്രശംസനീയമായ പ്രകടനം നടത്തിയിരിക്കുന്ന സിതാരാമം തിയറ്ററുകളിൽ പോയി തന്നെ കാണേണ്ട പടമാണെന്നാണ് കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത്. അഭിനേതാക്കളെയും സംവിധായകനെയും പിന്നണിയിൽ പ്രവർത്തിച്ചവരെയും പ്രശംസ കൊണ്ട് മൂടുകയാണ് സിതാരാമം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും. മനോഹരമായ ഒരു പ്രണയകാവ്യമാണ് സംവിധായകൻ ഹനു തിരശ്ശീലയിൽ രചിച്ചു വെച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സിത എന്ന കഥാപാത്രമായി എത്തുന്നത്. ദുൽഖർ സൽമാൻ ആണ് റാം എന്ന കഥാപാത്രമായി എത്തുന്നത്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതം ഇതിനകം തന്നെ വലിയ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സ്വപ്ന സിനിമയും വൈജയന്തി മൂവീസും ചേർന്ന് നിർമ്മിച്ച സീതാ രാമം ഹനു രാഘവപുടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.