റിലീസായ ദിവസം മുതൽ തിയറ്ററുകൾ ഇളക്കിമറിച്ച് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായ ചിത്രം കിംഗ് ഓഫ് കൊത്ത പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് താരം. കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുൽഖർ ഇങ്ങനെ പറഞ്ഞത്. കിംഗ് ഓഫ് കൊത്ത പ്രേക്ഷകർ സ്വീകരിച്ച് വിജയിപ്പിച്ചാൽ രണ്ടാം ഭാഗം എന്തായാലും വരുമെന്ന് ദുൽഖർ വ്യക്തമാക്കി. ഇവിടുത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ലോജിക്ക് ഒക്കെയുള്ള സിനിമയാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.
ഓഗസ്റ്റ് 24ന് ആയിരുന്നു കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ‘കിംഗ് ഓഫ് കൊത്ത’യിൽ ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും ഉണ്ട്. തിയറ്ററിൽ ദൃശ്യവിസ്മയം തീർത്ത മാസ്സ് എന്റെർടെയിനറായ കിംഗ് ഓഫ് കൊത്ത ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രമാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്.
സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിച്ചിരിക്കുകയാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ – പ്രതീഷ് ശേഖർ.