മമ്മൂട്ടിക്ക് ഇപ്പോഴും സിനിമ ചെയ്യാൻ ആക്രാന്തം ആണെന്ന് സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. അഭിനയിക്കണം പുതിയ സിനിമകൾ ചെയ്യണം എന്നാണ് മമ്മൂട്ടിക്ക് ഇപ്പോഴും. സിനിമയിൽ അഭിനയിച്ചിട്ട് പുള്ളിക്ക് ഇപ്പോഴും കൊതി മാറിയിട്ടില്ല. പുള്ളി ഇപ്പോഴും ഭയങ്കര എക്സൈറ്റഡ് ആണ്. നമുക്ക് തോന്നും ഈ പുള്ളിക്ക് സിനിമയിൽ അഭിനയിച്ച് മടുത്തില്ലേയെന്ന്. ഒരു പുതിയ സിനിമ ചെയ്യാൻ മമ്മൂട്ടി പോകുമ്പോഴുള്ള ആവേശം കാണേണ്ടതാണെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.
മമ്മൂട്ടി 38 സിനിമകൾ വരെ ചെയ്ത വർഷം ഉണ്ടായിട്ടുണ്ടെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. അന്ന് ആറു ദിവസം കൊണ്ടൊക്കെ ഒരു സിനിമ കഴിയും. ഗീതം എന്ന് പറയുന്ന സിനിമയൊക്കെ ആറു ദിവസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ട്. അതുപോലെ ഒരു ഓണക്കാലത്ത് അഞ്ച് സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. ആവനാഴി, പൂവിനു പുതിയ പൂന്തെന്നൽ, നന്ദി വീണ്ടും വരിക, സായംസന്ധ്യ, അന്യായ വിധി എന്നിവ ആയിരുന്നു ഓണത്തിന് റിലീസ് ആയ മമ്മൂട്ടിയുടെ അഞ്ച് സിനിമകൾ.
ആ സമയത്തൊക്കെ മമ്മൂട്ടിയെ കാണുന്നത് തന്നെ അപൂർവമാണ്. ആ കാലത്ത് ഞങ്ങൾ ചെമ്പിൽ ആണ് താമസിക്കുന്നത്. ഉപ്പയെയും ഉമ്മയെയും കാണാൻ പുള്ളി വരും. ഷൂട്ടിംഗ് ഒക്കെയുള്ളതിനാൽ ഒരുപാട് വൈകും. ചെയ്യുന്ന സിനിമകളെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്യാറില്ലെന്നും പക്ഷേ സിനിമകളെക്കുറിച്ച് അഭിപ്രായങ്ങൾ പറയാറുണ്ടെന്നും താരം പറഞ്ഞു. കാന്താരയൊക്കെ ഒരുമിച്ചിരുന്നാണ് കണ്ടതെന്നും സിനിമകൾ കണ്ട് പരസ്പരം അഭിപ്രായം പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.