പ്രണയമെന്നും സമ്മാനിച്ചിട്ടുള്ളതും സമ്മാനിച്ചുകൊണ്ടിരിക്കുന്നതും ഇനി സമ്മാനിക്കുവാൻ പോകുന്നതും മനോഹരമായ ഭാവങ്ങളാണ്. അത്തരത്തിൽ ഉള്ള ഏറെ പ്രണയ ചിത്രങ്ങൾ കണ്ടിട്ടുള്ള പ്രേക്ഷകർക്കായി പ്രണയത്തിന്റെ എല്ലാ അഴകും പുതുപുത്തൻ മാറ്റങ്ങളുമായി എത്തിയിരിക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ. കല്ല് പോലുള്ള ഹൃദയത്തെ പോലും ഉരുക്കി കളയുവാൻ ശക്തിയുള്ള പ്രണയത്തിന്റെ മറ്റൊരു മാന്ത്രികത തന്നെയാണ് തന്റെ ആദ്യ ചിത്രത്തിലൂടെ സംവിധായകൻ സൂരജ് ടോം സമ്മാനിച്ചിരിക്കുന്നത്. പ്രണയത്തിന്റെ മനോഹരമായ ഇത്തരത്തിൽ ഒരു ആശയത്തെ ഏറ്റവുമധികം അഭിനന്ദനമർഹിക്കുന്ന രീതിയിൽ തന്നെയാണ് അദ്ദേഹം സിനിമയാക്കിയിരിക്കുന്നത്.
![Ente Mezhuthiri athazhangal Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/07/Ente-Mezhuthiri-athazhangal-Review-1.jpg?resize=788%2C525&ssl=1)
സഞ്ജയ് ലോക പ്രസിദ്ധനായ ഒരു ഷെഫാണ്. രുചിഭേദങ്ങൾ തേടിയുള്ള അയാളുടെ യാത്രയിൽ ഊട്ടിയിൽ വെച്ച് മെഴുകുതിരികൾ ഡിസൈൻ ചെയ്യുന്ന അഞ്ജലിയെ സഞ്ജയ് കണ്ടുമുട്ടുന്നു. രസകരവും പ്രണയാർദ്രവുമായ അവരുടെ ആദ്യ കണ്ടുമുട്ടലിന് ശേഷം ഇരുവരും പ്രണയത്തിലാകുന്നു. ഇരുവരുടേയും വൈകാരിക തലങ്ങളിലൂടെയുള്ള ഒരു യാത്രയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രം. കവിത പോലെ മനോഹരമായ ഒരു ചിത്രം. എന്തുകൊണ്ട് ഇങ്ങനെയൊരു ടൈറ്റിൽ എന്ന സംശയത്തിനുള്ള മറുപടി തരുന്നത് ഇരുവരുടെയും പ്രൊഫഷനുകളാണ്. മെഴുതിരികൾ ഡിസൈൻ ചെയ്യുന്ന അഞ്ജലിയും അത്താഴങ്ങൾ ഒരുക്കുന്ന സഞ്ജയും ചേരുമ്പോൾ ഉരുത്തിരിയുന്ന ഒരു കെമിസ്ട്രി. അത് തന്നെയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ എന്നെ ടൈറ്റിലിലൂടെ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. പ്രണയത്തോടൊപ്പം തന്നെ സൗഹൃദങ്ങളുടെ ഒരു ലോകം കൂടി ചിത്രം വരച്ചു കാണിക്കുന്നുണ്ട്.
![Ente Mezhuthiri athazhangal Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/07/Ente-Mezhuthiri-athazhangal-Review-3.jpg?resize=788%2C525&ssl=1)
അനൂപ് മേനോൻ, മിയ എന്നിവരുടെ സ്ക്രീൻ പ്രെസെൻസ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. അത് ക്യാമറകൾക്ക് പോലുമറിയാം. ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ അനൂപ് മേനോൻ നാല് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു തിരക്കഥയൊരുക്കുന്നത്. ഒരു തിരക്കഥാകൃത്തായും അഭിനേതാവായും മികച്ചൊരു പ്രകടനം തന്നെയാണ് അനൂപ് മേനോൻ പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുന്നത്. ആരെയും പ്രണയിപ്പിക്കാൻ പോകുന്ന ഒരു അഴകുമായി മിയയും തന്റെ റോൾ മനോഹരമാക്കി. ഇരുവരും തമ്മിൽ ഒരു നല്ല കെമിസ്ട്രി ചിത്രത്തിലുടനീളം ദൃശ്യമാണ്. ചിന്തിപ്പിച്ച് ചിരിപ്പിച്ച് അലൻസിയറും ബൈജുവും അത്താഴച്ചിരികൾക്ക് മാറ്റ് കൂട്ടി. ലാൽ ജോസ്, വി കെ പ്രകാശ്, ദിലീഷ് പോത്തൻ എന്നിവർ മനോഹരമായി അവരുടെ കാമിയോ റോൾസ് അവതരിപ്പിക്കുകയും ചെയ്തു.
![Ente Mezhuthiri athazhangal Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/07/Ente-Mezhuthiri-athazhangal-Review-2.jpg?resize=788%2C525&ssl=1)
നാല് വർഷങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയൊരുക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ അതിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടാകുമെന്ന കാര്യം ഉറപ്പായിരുന്നു. അത് സ്ക്രീനിൽ കാണുവാനും സാധിച്ചിരിക്കുകയാണ് എന്റെ മെഴുതിരി അത്താഴങ്ങളിലൂടെ. എം ജയചന്ദ്രൻ ഒരുക്കിയ മനോഹരമായ ഗാനങ്ങളും ജിത്തു ദാമോദർ ഒരുക്കിയ വർണാഭമായ വിഷ്വൽസും ചേർന്നപ്പോൾ മെഴുതിരി അത്താഴങ്ങൾ കൂടുതൽ രുചികരമായി. രാഹുൽ രാജിന്റെ പ്രണയം വിടർത്തുന്ന പശ്ചാത്തല സംഗീതം കൂടിയായപ്പോൾ അത്താഴം മനോഹരമായി. പ്രണയത്തിന്റെ കൊതിയൂറുന്ന രുചികളുമായെത്തിയ എന്റെ മെഴുതിരി അത്താഴങ്ങൾ നിങ്ങളെ വീണ്ടും വീണ്ടും പ്രണയിപ്പിക്കുമെന്നുറപ്പ്.