ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കടുവ. തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കടുവയുടെ വിജയത്തെ തുടർന്ന് ഷാജി കൈലാസ് ഒരു വോൾവോ സ്വന്തമാക്കിയതായി വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. ‘കടുവയുടെ വിജയത്തിനു പിന്നാലെ വോള്‍വോ എക്സ്സി 60 സ്വന്തമാക്കി ഷാജി കൈലാസ്’ എന്ന രീതിയിൽ ആയിരുന്നു മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. എന്നാൽ, ഇത് സത്യമല്ലെന്നും താൻ വാഹനം വാങ്ങിയിട്ടില്ലെന്നും ‘കാപ്പ’യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് വാഹനം വാങ്ങാൻ പോയപ്പോൾ ഒപ്പം പോയതാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഷാജി കൈലാസ്. സോഷ്യൽ മീഡിയയിൽ ആണ് ഷാജി കൈലാസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഷാജി കൈലാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്, ‘ഞാൻ ‘കടുവ’യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത ശരിയല്ല. ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് – ആസിഫ് അലി ചിത്രമായ ‘കാപ്പ’യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിന്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എന്റെ സുഹൃത്ത് കൂടിയായ ഡോൾവിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന്‍ കൈമാറിയത്. ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ.’ – എന്നാണ് ഷാജി കൈലാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഡോൾവിന്‍ ഒപ്പം വാഹനം വാങ്ങാൻ എത്തിയതിന്റെ ചിത്രവും ഷാജി കൈലാസ് പങ്കുവെച്ചിട്ടുണ്ട്.
ജൂലൈ ഏഴിന് ആയിരുന്നു കടുവ തിയറ്ററുകളിൽ റിലീസ് ചെയ്തത്. പൃഥ്വിരാജിനെ കൂടാതെ വിവേക് ഒബ്റോയ്, സംയുക്ത മേനോന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.