അല്ലു അര്‍ജ്ജുന്റെ മാസ് എന്റര്‍ടെയിനര്‍ ‘പുഷ്പ’യില്‍ വില്ലനായി കിടിലന്‍ ഗെറ്റപ്പില്‍ ഫഹദ് ഫാസില്‍. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന് ക്രൂരനും അഴിമതിക്കാരനുമായ പൊലീസ് ഓഫീസറെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് സിനിമയില്‍ ഫഹദ് ഫാസില്‍ മുഴുനീള നെഗറ്റീവ് റോളിലെത്തുന്നുവെന്ന പ്രത്യേകതയും പുഷ്പയില്‍ ഉണ്ട്. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്ജുന് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്.
Meet the #VillainOfPushpa 🔥
The most talented #FahadhFaasil turns into menacing BHANWAR SINGH SHEKHAWAT(IPS) to lock horns with our #PushpaRaj 👊#PushpaTheRise #ThaggedheLe 🤙@alluarjun @iamRashmika @Dhananjayaka @aryasukku @ThisIsDSP @resulp @adityamusic @MythriOfficial pic.twitter.com/P0yNiX0Ruo
— Pushpa (@PushpaMovie) August 28, 2021
തിന്മയുടെ പ്രതിരൂപമായ ഒരാള്‍ എന്നാണ് പുഷ്പ ടീം ഷെഖാവത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലു അര്ജുന് പുഷ്പരാജ് എന്ന ചന്ദനക്കള്ളക്കടത്തുകാരനെ അവതരിപ്പിക്കുന്ന സിനിമ രണ്ട് ഭാഗങ്ങളിലായാണ് പ്രേക്ഷകരിലെത്തുക. തല മൊത്തം മൊട്ടയടിച്ച് കട്ടി മീശയില്‍ രൗദ്രഭാവത്തിലാണ് ഫഹദ് ഫാസിലിന്റെ പോസ്റ്റര്‍.
കള്ളക്കടത്തുകാരന് പുഷ്പരാജായി മാസ് എന്‍ട്രി നടത്തുന്ന അല്ലു അര്‍ജ്ജുന്റെ ഇന്‍ട്രോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പുഷ്പരാജ് എന്ന നെഗറ്റീവ് ഷേഡുള്ള കള്ളക്കടത്തുകാരനായി അല്ലു അര്‍ജുനും അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനായി ഫഹദും എത്തുന്നുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുഷ്പയുടെ ആദ്യഭാഗം ആഗസ്റ്റ് പതിമൂന്നിനും രണ്ടാം ഭാഗം 2022 നും റിലീസ് ചെയ്യാനായിരുന്നു ആദ്യ ആലോചന.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ മൂലം തിയറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് പുഷ്പയുടെ റിലീസ് തീയതി ഡിസംബറിലേക്ക് മാറ്റിയത്. ക്രിസ്മസ് റിലീസാണ് പുഷ്പ. തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.