ഫഹദ് ഫാസില്‍ അപാര ടാലന്റുള്ള നടനെന്ന് നടന് കമല്ഹാസന്. അദ്ദേഹം ദക്ഷിണേന്ത്യയുടെ സ്വത്താണ്. വിക്രമിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാന്‍ കാരണം അദ്ദേഹത്തിന്റെ കഴിവ് മാത്രമാണെന്നും അല്ലാതെ മലയാളിയായതുകൊണ്ടല്ലെന്നും കമല്ഹാസന് പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കമല്ഹാസന് ഇക്കാര്യം പറഞ്ഞത്.
വിക്രമില്‍ ഫഹദും വിജയ് സേതുപതിയും തകര്‍ത്ത് അഭിനയിക്കുകയായിരുന്നു. അവരില്‍ നിന്ന് തനിക്ക് പഠിക്കാനുണ്ടായിരുന്നു. അവരെവച്ച് ചിത്രം സംവിധാനം ചെയ്യണമെന്നുപോലും ആഗ്രഹിച്ചുപോയെന്നും കമല്ഹാസന് പറഞ്ഞു.
മലയാള സിനിമയില്‍ അഭിനയിക്കാന്‍ എപ്പോഴും തയ്യാറാണെന്നും കമല്ഹാസന് വ്യക്തമാക്കി. കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന സാധ്യതയുണ്ട്. എന്നാല്‍ സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറിയാല്‍ താന്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്നും കമല്ഹാസന് കൂട്ടിച്ചേര്‍ത്തു.