ബാബു ആന്റണി എന്ന നടനെ കണ്ടാൽ ആരായാലും ഒന്നു പേടിക്കും. ആജാനുബാഹുവായ ഒരു മനുഷ്യൻ. എൺപതുകളിൽ ആക്ഷൻ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത ബാബു ആന്റണി വില്ലൻ വേഷങ്ങളിലേക്ക് മാറ്റം നടത്തിയ ചിത്രമാണ് പൂവിന് ഒരു പൂന്തെന്നൽ. മമ്മൂട്ടി നായകനായ ഈ ഫാസിൽ ചിത്രം സൂപ്പർഹിറ്റായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയും എല്ലാ ഭാഷയിലും ബാബു ആന്റണി തന്നെ വില്ലൻ ആവുകയും ചെയ്തു. ചിത്രത്തിന്റെ പ്രിവ്യു ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് ഫാസില്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിരുന്നതായി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ബാബു ആന്റണി പറയുന്നു, അതിനു ഒരു കാരണവും ഉണ്ടെന്നു വ്യക്തമാക്കുകയാണ് താരം. “സിനിമയുടെ പ്രിവ്യൂ കാണാന്‍ അന്ന് ഫാസിലിന്റെ മടിയില്‍ ഏഴു വയസ്സുകാരന് ഫഹദും ഉണ്ടായിരുന്നു, സിനിമയ്ക്ക് ശേഷം ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നപ്പോള്‍ എന്നെ കണ്ട പാടെ അവന് ഉച്ചത്തില്‍ കരഞ്ഞു. ഫഹദിന്റെ കരച്ചില് കേട്ടതും ഈ സിനിമയുടെ വിജയം ഉറപ്പായി എന്നായിരുന്നു ഫാസിലിന്റെ മറുപടി.” ഒമർ ലുലു ഒരുക്കുന്ന മെഗാമാസ്സ് ആക്ഷൻ ചിത്രം പവർ സ്റ്റാറിലൂടെ ഒരു വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി ഇപ്പോൾ.