തമിഴ് സൂപ്പര്‍ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം രാത്രിയാണ് ധനുഷ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. ആറ് മാസം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. മെഗാ സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിര്‍മാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.
ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പ്:
സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.
രജനീകാന്തിന്റെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദേവയുടെ സംഗീതത്തില്‍ രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ല്‍ പാടിയെങ്കിലും ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 2003ല്‍ പുറത്തിറങ്ങിയ ‘വിസില്‍’ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ല്‍ പുറത്തെത്തിയ ‘3’ എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി. സാറാ അലി ഖാനും അക്ഷയ് കുമാറും ഒന്നിച്ച അത്രംഗി രേ എന്ന ചിത്രത്തിലാണ് ധനുഷ് അവസാനമായി അഭിനയിച്ചത്.
ഇരുവരും പിരിഞ്ഞതോടെ ഇപ്പോൾ ആരാധകരുടെ ആവലാതി ധനുഷും ഐശ്വര്യയും ചേർന്ന് നിർമ്മാണം ആരംഭിച്ച 150 കോടിയുടെ വീടിനെ കുറിച്ചാണ്. ചെന്നൈയിലെ പോസ് ഗാർഡനിലാണ് വീട് പണിയുന്നത്. അതിനടുത്ത് തന്നെയാണ് മൂന്ന് ദശാബ്ദത്തോളമായി രജനികാന്ത് താമസിക്കുന്നത്. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വീടും പോസ് ഗാർഡനിൽ തന്നെയായിരുന്നു. 19000 സ്ക്വയർ ഫീറ്റിലായി സ്വപ്നതുല്യമായ നാലുനില വീടാണ് നിർമ്മിക്കുവാൻ ഒരുങ്ങിയത്. ഭൂമിപൂജയും നടത്തിയിരുന്നു. 150 കോടിയിൽ ഐശ്വര്യയും നല്ലൊരു തുക നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.