മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ പിറന്നാൾ വമ്പൻ ആഘോഷമാക്കി ആരാധകർ. അർദ്ധരാത്രി ‘ഹാപ്പി ബെർത്ത്ഡേ ടു യു’ പാടി നടന്റെ വീടിനു മുന്നിലെത്തിയ ആരാധകർ കേക്ക് മുറിച്ചും പടക്കങ്ങൾ പൊട്ടിച്ചുമാണ് തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ ജന്മദിനം ആഘോഷമാക്കിയത്. മമ്മൂട്ടിയുടെ വീടിനു മുന്നിലെത്തിയ ആരാധകർ ഒരേ സ്വരത്തിൽ ‘ഹാപ്പി ബെർത്ത്ഡേ ടു യു’ പാടിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആരാധകരുടെ ആരവം കേൾക്കാതിരിക്കാൻ പ്രിയതാരത്തിനും കഴിഞ്ഞില്ല. ബാൽക്കണിയിൽ എത്തിയ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്തു.
ആരാധകരുടെ പിറന്നാൾ ആഘോഷം ഒരാഴ്ച മുമ്പേ തുടങ്ങിയതാണ്. പിറന്നാൾ രാത്രിയിൽ കേക്കുമായി മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകർ എത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗങ്ങളാണ് വീടിനു മുന്നിൽ അർദ്ധരാത്രി അണിനിരന്നത്. കേക്ക് മുറിച്ചും ആശംസകൾ അറിയിച്ചും പ്രിയനടന്റെ പിറന്നാൾ ആരാധകർ ആഘോഷമാക്കി. അതിനുശേഷം പൂത്തിരിയും പടക്കങ്ങളും ആഘോഷങ്ങളുടെ മാറ്റു കൂട്ടി.
മമ്മൂട്ടിയുടെ എഴുപത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ഇതിനിടെ കൗമാരക്കാരനായ ഒരു ആരാധകൻ മമ്മൂട്ടിയെ ക്യാമറയിൽ പകർത്തിക്കൊണ്ട് സൈക്കിളിൽ പായുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. രമേഷ് പിഷാരടി ആയിരുന്നു കഴിഞ്ഞദിവസം ഈ വീഡിയോ പകർത്തിയത്. കാർ അടുത്തെത്തുമ്പോൾ ‘ഇക്കാ, ടാറ്റാ’ എന്ന് പറയുകയാണ്. വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി കുട്ടിയെ കൈ വീശി കാണിക്കുന്നുമുണ്ട്.