മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം പുതിയൊരു ദൃശ്യാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും പ്രേക്ഷകര്‍ വന്‍ സ്വീകരണം നല്കി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയ സമയത്ത് അഭിമുഖങ്ങളില്‍ ജീത്തു ജോസഫ് നേരിട്ട ചോദ്യങ്ങളില്‍ പ്രധാനം ദൃശ്യത്തിന് മൂന്നാം ഭാഗമുണ്ടാകുമോ എന്നായിരുന്നു. അതിന് ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള വ്യക്തമായ ഉത്തരം ജീത്തു ജോസഫ് നല്‍കിയിരുന്നില്ല. ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം ഉടന്‍ സംഭവിക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുകയാണ്. ഇത് ഇന്ത്യയില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറുകയും ചെയ്തു.
മോഹന്‍ലാല്‍ നായകനാവുന്ന ഒരു വന്‍ പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 17ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് ദൃശ്യം 3നെ കുറിച്ചായിരിക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. ഇതിനെചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ദൃശ്യം 3 നായി കാത്തിരിക്കാന്‍ വയ്യെന്നാണ് ആരാധകരില്‍ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ദൃശ്യം 3ന്റെ ക്ലൈമാക്സ് തന്റെ പക്കല്‍ ഉണ്ടെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നതാണ്. ദൃശ്യം 2 റിലീസിനു ശേഷം നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ദൃശ്യം 3 സാധ്യതകളെക്കുറിച്ച് ജീത്തു ജോസഫ് പറഞ്ഞിരുന്നു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കില്‍ ചെയ്യുമെന്നും ഒരു ബിസിനസ് വശം നോക്കി മാത്രം ദൃശ്യം 3 ചെയ്യില്ലെന്നുമായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്. 2013ലായിരുന്നു ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദൃശ്യം 2 ഇറങ്ങിയത്.
Whattt 😳🔥 Can’t Wait #Drishyam3 pic.twitter.com/gLTyZwity1
— Ayyappan (@Ayyappan_1504) August 13, 2022