തന്റെ മകന് ജാതിയോ മതമോ ഇല്ലെന്ന് നടൻ വിജയിയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. നടന്റെ ജാതി സംബന്ധിച്ച വിവാദങ്ങൾ തുടരവേയാണ് നടന്റെ പിതാവിന്റെ പ്രതികരണം. മകനെ സ്കൂളിൽ ചേർത്ത സമയത്ത് ജാതിക്കോളത്തിൽ ‘തമിഴ്’ എന്നാണ് എഴുതിയതെന്നും വിജയിയുടെ പിതാവ് വ്യക്തമാക്കി. സായം എന്ന പുതിയ സിനിമയുടെ മ്യൂസിക് ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിനിടെ ആയിരുന്നു ചന്ദ്രശേഖർ മകന്റെ ജാതി സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
ജാതി എങ്ങനെയാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഇടയിൽ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്ന സിനിമയാണ് സായം. സമൂഹത്തിന് ഉപകാരപ്പെടുന്ന സിനിമകൾ ചെയ്യുന്നവരെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി. മകൻ വിജയിയെ സ്കൂളിൽ ചേർത്തപ്പോൾ ജാതിക്കോളത്തിൽ തമിഴ് എന്നാണ് ആദ്യം എഴുതി നൽകിയത്. എന്നാൽ, സ്കൂൾ അധികൃതർ അത് സ്വീകരിക്കാൻ വിസമ്മതിച്ചു. അപേക്ഷ സ്വീകരിക്കാതെ വന്നാൽ കടുത്ത പ്രതിഷേധത്തിലേക്ക് താൻ പോകുമെന്നും സ്കൂൾ അടച്ചു പൂട്ടുന്നതിലേക്ക് ചിലപ്പോൾ അത് നയിക്കപ്പെടുമെന്നും താൻ പറഞ്ഞു. ഇത്രയും പറഞ്ഞതിനു ശേഷമാണ് സ്കൂൾ അധികൃതർ അപേക്ഷ സ്വീകരിക്കാൻ തയ്യാറായതെന്നും ചന്ദ്രശേഖർ പറഞ്ഞു.
അതിനു ശേഷമുള്ള വിജയയിയുടെ എല്ലാ സർട്ടിഫിക്കറ്റുകളിലും ജാതിയുടെ സ്ഥാനത്ത് തമിഴ് എന്നാണ് കാണാൻ കഴിയുകയെന്നും നടന്റെ പിതാവ് വ്യക്തമാക്കി. ജാതിക്ക് പ്രാധാന്യം നൽകുന്നത് നമ്മളാണെന്നും കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതി കോളങ്ങൾ പൂരിപ്പിക്കുന്നത് ഒഴിവാക്കിയാൽ സമൂഹത്തിൽ നിന്ന് 20 വർഷത്തിനുള്ളിൽ ജാതി തന്നെ ഇല്ലാതാക്കാൻ കഴിയുമെന്നും ചന്ദ്രശേഖർ വ്യക്തമാക്കി. തന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ച അഭി ശരവണൻ എന്ന നടൻ പേര് വിജയ് വിശ്വ എന്നാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.