നടന് ദുല്‍ഖര്‍ സല്മാന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിന്റെ പ്രതിനിധി നല്കിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം. ഇനിയുള്ള സിനിമകള്‍ തീയറ്ററുകള്‍ക്ക് നല്‍കുമെന്ന് ദുല്‍ഖര്‍ സല്‍മാനും അറിയിച്ചു.
ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് കഴിഞ്ഞ ആഴ്ചയാണ് ഫിയോക്ക് അറിയിച്ചത്. ദുല്‍ഖര്‍ നിര്‍മിച്ച ‘സല്യൂട്ട്’ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്നായിരുന്നു നടപടി. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് ‘സല്യൂട്ട്’ ഒടിടിക്ക് നല്‍കിയതെന്നായിരുന്നു ഫിയോക്കിന്റെ ആരോപണം. ജനുവരി 14 ന് സല്യൂട്ട് തീയറ്ററില്‍ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയില്‍ എത്തുന്നതെന്നും സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നു.
ദുല്‍ഖറിനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടായിരുന്നു. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മിച്ച അഞ്ചാമത്തെ ചിത്രമായിരുന്നു സല്യൂട്ട്.