താരസുന്ദരി റോജ ശെല്‍വമണി ഇനി മന്ത്രിപദവിയില്‍. ജഗന്മോഹന് മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. വിനോദസഞ്ചാരം, യുവജനകാര്യം, സാംസ്കാരികം തുടങ്ങിയ വകുപ്പുകളാണ് റോജ കൈകാര്യം ചെയ്യുക. റോജ ഉള്‍പ്പെടെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. ജില്ലകളുടെ പുനഃസംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് അവര്‍ പ്രതിനിധീകരിക്കുക. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
റോജയ്ക്ക് പുറമേ വൈഎസ്ആര്‍ കോണ്‍ഗ്രസ് വക്താക്കളായ അമ്പാട്ടി രാംബാബു, ഗുഡിവാഡ അമര്‍നാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്നവരില്‍ ഉള്‍പ്പെടുന്നു. പി രാജണ്ണ ഡോറ, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്, വി രജനി, എം നാഗാര്‍ജുന, കെ ഗോവര്ധന് റെഡ്ഡി, ഉഷ ശ്രീചരണ്‍ എന്നിവരാണ് മറ്റ് പുതിയ മന്ത്രിമാര്‍.