കഴിഞ്ഞ കുറച്ചുനാളുകളായി ഓൺലൈൻ മീഡിയകളിലും യുട്യൂബ് ചാനലുകളിലും ചർച്ചയായിരുന്ന ഒരു വിഷയമായിരുന്നു നടി മോളി കണ്ണമാലിയുടെ സാമ്പത്തിക പ്രതിസന്ധി. അസുഖം മൂലം ബുദ്ധിമുട്ടിൽ കഴിയുന്ന അവർക്ക് ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചതും അവർ സഹായം അഭ്യർത്ഥിച്ചതും സോഷ്യൽ മീഡിയയിൽ എല്ലാവരും കണ്ടതാണ്. ഇപ്പോൾ മോളി കണ്ണമാലിയുടെ ആധാരം തന്നെ ബാങ്കിൽ നിന്ന് എടുത്തു നൽകിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫിറോസ് കുന്നംപറമ്പിൽ ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുതെന്നും ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് ആധാരം കൈമാറുന്ന വീഡിയോ ഫിറോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്. ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്. നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും. ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നൽകിയിരുന്നു. പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം, ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു. ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ . ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം.’ നിരവധി പേരാണ് ഫിറോസ് കുന്നംപറമ്പിലിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.