വന്‍ പ്രമോഷനുമായി എത്തിയ ചിത്രമാണ് വ്യവസായി ശരവണന് അരുള്‍ നായകനായി എത്തിയ ‘ദ് ലെജന്‍ഡ്’ എന്ന ചിത്രം. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ടിപ്പിക്കല്‍ തമിഴ് പടങ്ങളുടെ എല്ലാ ചേരുവകളും ഉള്‍കൊള്ളിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം മുന്‍നിര ഹിന്ദി ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ പ്രതീക്ഷയില്‍ വന്ന ഹിന്ദി ചിത്രങ്ങളെയാണ് ലെജന്‍ഡ് മറികടന്നിരിക്കുന്നത്. മൂന്ന് കോടിയോളം രൂപ ചിത്രം ആദ്യ ദിനം സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ഒടുവില്‍ റിലീസ് ചെയ്ത കങ്കണയുടെ ധാക്കഡിന്റെ ആദ്യ ദിന കളക്ഷനേക്കാള്‍ കുടുതല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
തമിഴ്നാട്ടില്‍ വിജയക്കൊടി പാറിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് ശരവണന് അരുള്‍. അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ദ് ലെജന്‍ഡ്. ജെ.ഡി-ജെറിയാണ് ‘ദ് ലെജന്‍ഡ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്ന പദ്ധതിയായിരുന്നു ഈ സിനിമ. തമിഴിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നായികയായി എത്തുന്നത് നടിയും മോഡലും 2015 ലെ മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്ന ഉര്‍വശി റൗട്ടേല. മോഡല്‍ ഗീതിക തിവാരിയും ലക്ഷ്മി റായിയും ചിത്രത്തിലുണ്ട്.