ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങും. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുക. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന് അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത ഒരുക്കുന്നത്.
പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നൈല ഉഷ, ശാന്തി കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും.
രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ കടന്നുപോകുന്നതെന്നാണ് വിവരം. തമിഴ്നാട്ടിലെ മധുരയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറിലാകും ചിത്രം തീയറ്ററുകളില്‍ എത്തുക.