മലയാളത്തില്‍ ഒരു ക്യാമ്പസ് ചിത്രം കൂടി. ആര് ടു എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ലവ് ഫുള്ളി യുവേഴ്സ് വേദ’ എന്ന ചിത്രമാണ് മുഴുനീള ക്യാമ്പസ് ചിത്രമായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.
നവാഗതനായ പ്രഗേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജിഷാ വിജയന്, ശ്രീനാഥ് ഭാസി, ഗൗതം മേനോന്, വെങ്കിടേഷ്, അനിഖ സുരേന്ദ്രന്, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്ജുന് അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ. ബേബി, ശ്രുതി ജയന് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാധാകൃഷണന് കല്ലായില്‍, റുവിന് വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു ക്യാമ്പസ് കാലഘട്ടത്തെ പുനഃസൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദ്, രതി ശിവരാമന്, ധന്യ സുരേഷ് മേനോന് എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ഒക്ടോബറില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും.