സുരേഷ് ഗോപിയുടെ പുതിയ ചിത്രം മേ ഹൂം മൂസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
സുരേഷ് ഗോപി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയായിട്ടാണ് മേ ഹൂം മൂസ എത്തുന്നത്.
ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിംഗ് ഇന്നലെയായിരുന്നു ആരംഭിച്ചത്. യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. മലപ്പുറംകാരനായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടം വരെയുള്ള കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
റുബീഷ് റെയ്ന്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൂരജാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വിഷ്ണു നാരായണന് ഛായാഗ്രഹണവും ശ്രീനാഥ് ശിവശങ്കര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഹരീഷ് കണാരന്, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാര്‍, സൈജു കുറുപ്പ്, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.