നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി ചിരിക്കുന്ന ഭാവനയുടെ ചിത്രമടങ്ങിയ ഡൂഡില്‍ പശ്ചാത്തലമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, ഭാവന, ഷറഫുദ്ദീന് തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വഹിക്കുന്നത്. ബോണ്‍ഹോമി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം നല്കുന്നു.
ഭാവനയ്ക്കും ഷറഫുദ്ദീനും പുറമേ അശോകന്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നവംബര്‍ ആദ്യവാരത്തോടെ തീയറ്ററുകളിലെത്തും.