ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അദ്ദേഹത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു പുറത്തിറക്കിയത്. വാരിസു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആരാധർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് വാരിസു. തെലുങ്ക് സിനിമയിലെ ഹിറ്റ്മേക്കറായ വംസി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം.
എന്നാൽ, ചിത്രത്തിലെ ടൈറ്റിൽ പോസ്റ്റർ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സിനിമയ്ക്കു വേണ്ടി കഥയും മറ്റും കോപ്പി അടിക്കുന്നത് കണ്ടിട്ടുണെന്നും പക്ഷേ ഒരു പോസ്റ്ററിനു വേണ്ടി കോപ്പിയടിക്കേണ്ട ഗതികേടിലായോ എന്നുമായിരുന്നു ട്രോളുകൾ. വാരിസു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിജയുടെ ലുക്ക് വസ്ത്രനിര്‍മ്മാണ സ്ഥാപനമായ ഓട്ടോയുടെ പരസ്യത്തിൽ ദുൽഖർ സൽമാൻ എത്തിയതു പോലെയാണെന്ന് ആയിരുന്നു ആക്ഷേപം. ഓട്ടോയുടെ ബ്രാൻഡ് അംബാസഡർ ആണ് ദുൽഖർ സൽമാൻ. എന്നാൽ, ഇത്തരത്തിലൊരു ആരോപണം അങ്ങേയറ്റം വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വസ്ത്രനിര്‍മ്മാണ സ്ഥാപനമായ ഓട്ടോ തന്നെ രംഗത്തെത്തി.
ഇരു ചിത്രങ്ങളും ഒരുമിച്ച് ചേർത്തു നിർത്തി ‘ഫേക്ക്’ എന്ന് വ്യക്തമാക്കി ആയിരുന്നു ഓട്ടോയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘ഓട്ടോയിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ഇതാണ്: ഒട്ടോയിൽ ഞങ്ങൾ മൗലികതയ്ക്ക് പ്രതിജ്ഞാബദ്ധരാണ്, ബൗദ്ധിക സ്വത്തവകാശ ലംഘനത്തെ നിസ്സാരമായി കാണുന്നില്ല. മുകളിലെ ചിത്രം ഒട്ടോയുമായി ഒരു തരത്തിലും ബന്ധപ്പെട്ടതല്ല. ചിലർ വിനോദത്തിനു വേണ്ടി ചില മീമകൾ സൃഷ്ടിച്ചതാണ്, വാരിസു ടീമിന് ഞങ്ങളുടെ ഭാഗത്ത് നിന്ന് ആശംസകൾ നേരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു!’ – വ്യാജവാർത്തയെ പൊളിച്ചെഴുതി ഓട്ടോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
View this post on Instagram