സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്വി റാം, അഭിരാം രാധാകൃഷ്ണന് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.
നവാഗതനായ ആദിത്യന് ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യന് ചന്ദ്രശേഖരനും, അര്ജുന് നാരായണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഇഫ്തി ഈണം പകര്‍ന്നിരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ പ്രമോഷന് മെറ്റീരിയലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരഞ്ജന അനൂപ് അവതരിപ്പിക്കുന്ന കഥാപാത്രം വിവാഹിതയാകുന്നു എന്ന തരത്തിലുള്ള പത്രപരസ്യമായിരുന്നു ഇത്. ആന്‍ അഗസ്റ്റിനും വിവേക് തോമസും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ജിതിന് സ്റ്റാന്‍സിലോസ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.