സി പി എം സംസ്ഥാന സെക്രട്ടിയും മുൻ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം വി ഗോവിന്ദൻ ലണ്ടനിൽ. സാധാരണ വേഷത്തിൽ നിന്നും വ്യത്യസ്തനായാണ് ലണ്ടനിൽ ഗോവിന്ദൻ എത്തിയത്. അതുകൊണ്ടു തന്നെ ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ അത് വൈറലായി. പാന്റും ഷർട്ടുമിട്ട് ഷർട്ട് ടക്ക് ഇൻ ചെയ്തുള്ള ചിത്രം എം വി ഗോവിന്ദൻ തന്നെയാണ് പങ്കുവെച്ചത്. വിമാനത്താവളത്തിൽ സ്വീകരണം ഏറ്റുവാങ്ങുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനകളിൽ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് എം വി.ഗോവിന്ദൻ ലണ്ടനിൽ എത്തിയത്. സംവിധായകനും നടനുമായ ആഷിഖ് അബു, എം വി ഗോവിന്ദന്റെ ഭാര്യ പി. കെ. ശ്യാമള എന്നിവരും ഗോവിന്ദന് ഒപ്പമുണ്ട്. പീറ്റർബറോയിൽ വച്ചാണ് ദേശീയ സമ്മേളനം.മേയ് 17 നു യുകെയിലെത്തിയ എം.വി. ഗോവിന്ദൻ 18 ന് വെയിൽസ് സന്ദർശിച്ചു.
19 നു കാൾമാർക്സിന്റെ ഓർമകൾ ഉറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ സ്മരണാഞ്ജലി അർപ്പിച്ചു. തുടർന്ന് ഈസ്റ്റ്ഹാം ബ്രാഞ്ചിന്റെ കുടുംബ സംഗമ-സംവാദ സദസ്സിലും പങ്കെടുത്തു. ഇന്നും നാളെയും നടക്കുന്ന ദേശീയ സമ്മേളനത്തിൽ ഉദ്ഘാടകനായും, സാംസ്കാരിക പ്രഭാഷകനായും പങ്കെടുക്കും. ചിത്രം പങ്കുവെച്ച് കൊണ്ട് എം വി ഗോവിന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘സമീക്ഷ യു കെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി യുകെയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബുവും ഒപ്പമുണ്ടായിരുന്നു’. അതേസമയം, ലണ്ടനിൽ അപ്പം വിൽക്കാൻ പോയതാണോ, അവിടെ കെ റെയിൽ തുടങ്ങുമോ എന്ന് തുടങ്ങിയ നൂറു ചോദ്യങ്ങളുമായി സോഷ്യൽമീഡിയയിൽ ട്രോളൻമാർ സജീവമായിട്ടുണ്ട്.